15 July, 2024 06:08:42 PM
ജോയിയുടെ അമ്മയ്ക്ക് 10 ലക്ഷം രൂപയും വീടും; കുടുംബത്തിന് സംരക്ഷണം ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: ആമയിഴഞ്ചാൻതോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപെട്ടു മരിച്ച ശുചീകരണ തൊഴിലാളി എൻ.ജോയിയുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന് സര്‍ക്കാരിന്റെ ഉറപ്പ്. ജോയിയുടെ അമ്മ മെല്‍ഹിക്ക് അടിയന്തര സഹായമായി 10 ലക്ഷം രൂപ നൽകും. ജോയിയുടെ അനുജന് റെയിൽവേയോ സർക്കാരോ ജോലി നൽകുമെന്നും പാറശാല എം.എല്‍.എ സി.കെ ഹരീന്ദ്രനും മേയര്‍ ആര്യാ രാജേന്ദ്രനും കുടുംബത്തെ അറിയിച്ചു. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നാണ് സൂചന.
റെയില്‍വേയുടെ കരാറുകാര്‍ക്കുവേണ്ടി ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കംചെയ്യുന്ന പ്രവൃത്തിക്കിടെയാണ് ശനിയാഴ്ച രാവിലെ 11 മണിയോടെ ജോയി ഒഴുക്കില്‍പ്പെട്ടത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിൽ മൂന്നാമത്തെ ദിവസമായ ഇന്ന് രാവിലെ 9.15-ഓടെയായിരുന്നു മൃതദേഹം തകരപ്പറമ്പിലെ കനാലില്‍നിന്ന് കണ്ടെത്തിയത്.
ജോയിയെ കണ്ടെത്താൻ മഹത്തായ രക്ഷാപ്രവർത്തനമാണു നടന്നതെന്നും പങ്കെടുത്തവരെ അഭിനന്ദിക്കുന്നതായും മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. റെയിൽവേയുടെ പരിധിയിലാണ് അപകടം നടന്നത്. സർക്കാരിനും നഗരസഭയ്ക്കും ഒന്നും ചെയ്യാനാകില്ല. മാലിന്യ സംസ്കരണം ഉറപ്പാക്കാൻ റെയിൽവേയുമായി യോഗം ചേർന്നിരുന്നു. യോഗത്തിൽ റെയിൽവേയുടെ ഉന്നത ഉദ്യോഗസ്ഥരെത്തിയില്ല. റെയിൽവേ ചെയ്യേണ്ട 20 കാര്യങ്ങൾ യോഗത്തിൽ വ്യക്തമാക്കിയിരുന്നെന്നും മന്ത്രി പറഞ്ഞു.