17 July, 2024 10:01:34 AM


കൃഷിയിറക്കാനെത്തിയ നഞ്ചിയമ്മയെ തടഞ്ഞു; തർക്കം നിലനില്‍ക്കുന്ന ഭൂമിയായതിനാലെന്ന് ഉദ്യോഗസ്ഥർ



പാലക്കാട്: അഗളിയിലെ ഭൂമിയില്‍ കൃഷിയിറക്കാനെത്തിയ ദേശീയ അവാര്‍ഡ് ജേതാവ് ഗായിക നഞ്ചിയമ്മയെ തടഞ്ഞു. ആദിവാസി ഭൂമി അന്യാധീനപ്പെടല്‍ തടയല്‍ നിയമപ്രകാരമുള്ള (ടിഎല്‍എ) വിധിയിലൂടെ ലഭിച്ച ഭൂമിയില്‍ കൃഷിയിറക്കാനെത്തിയ നഞ്ചിയമ്മയെയും ബന്ധുക്കളെയുമാണ് തടഞ്ഞത്. പൊലീസും റവന്യൂ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് തടഞ്ഞത്. അഗളിയിലെ പ്രധാന ഏക്കറിലെ നാല് ഏക്കര്‍ ഭൂമി ഉഴുതു കൃഷിയിറക്കാന്‍ ട്രാക്ടറുമായാണ് നഞ്ചിയമ്മ എത്തിയത്.

ഭൂമിക്ക് ഉടമസ്ഥ അവകാശം സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നതിനാലാണ് നഞ്ചിയമ്മയെ തടഞ്ഞതെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. എന്നാല്‍, വ്യാജ രേഖയുണ്ടാക്കി ഭൂമി കൈവശപ്പെടുത്താന്‍ ചിലര്‍ക്ക് റവന്യൂ ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്ത് നല്‍കുകയാണെന്ന് നഞ്ചിയമ്മ ആരോപിച്ചു. അട്ടപ്പാടി ട്രൈബല്‍ താലൂക്ക് തഹസില്‍ദാര്‍ പി എ ഷാനവാസ് ഖാന്റെ നേതൃത്വത്തില്‍ റവന്യു ഉദ്യോഗസ്ഥരും അഗളി പൊലീസുമാണു തടഞ്ഞത്. നിലവില്‍ ഭൂമിക്ക് ഉടമസ്ഥത അവകാശപ്പെടുന്നവരും സ്ഥലത്തുണ്ടായിരുന്നു. കന്തസ്വാമി ബോയനും തന്റെ ഭര്‍ത്താവിന്റെ കുടുംബവുമായാണ് ടിഎല്‍എ കേസുണ്ടായിരുന്നതെന്നും 2023ല്‍ അനുകൂലവിധി ലഭിച്ചെന്നും നഞ്ചിയമ്മ പറഞ്ഞു.

ടിഎല്‍എ കേസ് നിലനില്‍ക്കെ വ്യാജരേഖകളുണ്ടാക്കി ഭൂമി കൈവശപ്പെടുത്താന്‍ ചിലര്‍ക്കു റവന്യു അധികാരികള്‍ ഒത്താശ ചെയ്തതായി നഞ്ചിയമ്മ ആരോപിച്ചു. ടിഎല്‍എ കേസുകളും അതിലുള്ള വിധികളും ഉദ്യോഗസ്ഥരും കോടതികളും പരിഗണിക്കുന്നില്ലെന്നു സമരത്തിനു നേതൃത്വം നല്‍കിയ ആദിവാസി ഭാരത് മഹാസഭ സംസ്ഥാന കണ്‍വീനര്‍ ടി ആര്‍ ചന്ദ്രന്‍ പറഞ്ഞു. പ്രശ്‌നം 19നു ചര്‍ച്ച ചെയ്യാമെന്ന തഹസില്‍ദാരുടെ ഉറപ്പില്‍ കൃഷിയിറക്കുന്നതു മാറ്റിവച്ചതായി നഞ്ചിയമ്മ അറിയിച്ചു.

എഐകെകെഎസ് സംസ്ഥാന പ്രസിഡന്റ് എം സുകുമാരന്‍ ഉള്‍പ്പെടെ ആദിവാസി സംഘടനാ പ്രവര്‍ത്തകര്‍ നഞ്ചിയമ്മക്ക് പിന്തുണയുമായി എത്തി. തനിക്ക് തന്റെ ഭൂമി തിരിച്ചു കിട്ടണമെന്നും ഭൂമി ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നും നഞ്ചിയമ്മ പറഞ്ഞു. ഭൂമി തിരിച്ചു കിട്ടിയില്ലെങ്കില്‍ ഇനിയും താന്‍ കേസിന് പോകും. തന്റെ മുത്തച്ഛന്റെ ഭൂമിയാണിത്. അത് താന്‍ തിരിച്ചെടുക്കുമെന്നും നഞ്ചിയമ്മ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K