17 July, 2024 03:01:55 PM


ജോയിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍



തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ അപകടത്തില്‍ മരിച്ച ജോയിയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. 10 ലക്ഷം രൂപയാണ് ധനസഹായം പ്രഖ്യാപിച്ചത്. ജോയിയുടെ അമ്മയ്ക്കാണ് പണം അനുവദിച്ചത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്. നേരത്തെ തന്നെ ജോയിയുടെ കുടുംബത്തിന് ധനസഹായം നല്‍കുമെന്ന് ജനപ്രതിനിധികള്‍ അറിയിച്ചിരുന്നു.

തമ്പാനൂര്‍ ഭാഗത്തെ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടയിലാണ് ഒഴുക്കില്‍പ്പെട്ട് ജോയ് മരണമടഞ്ഞത്. ജോയിക്കായി രണ്ട് ദിവസത്തിനടുത്ത് രക്ഷാദൗത്യം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. 46 മണിക്കൂര്‍ നീണ്ട ശ്രമങ്ങള്‍ വിഫലമാക്കിയാണ് റെയില്‍വെ താല്‍കാലിക തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. പൈപ്പില്‍ കുടുങ്ങി മാലിന്യത്തില്‍ കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

ജീര്‍ണിച്ച അവസ്ഥയിലായിരുന്നു. മൂന്നു പേരാണ് ശുചീകരണത്തിനായി തോട്ടില്‍ ഇറങ്ങിയത്. മഴ കനത്തതോടെ ജോയി ഒഴുക്കില്‍ പെടുകയായിരുന്നു. മാരായമുട്ടം സ്വദേശിയാണ് റെയില്‍വേയുടെ താല്‍ക്കാലിക തൊഴിലാളിയായ ജോയി. ഇതിനിടെ ജോയിയുടെ കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കാന്‍ സന്നദ്ധമായി കോര്‍പ്പറേഷന്‍ രംഗത്തെത്തിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 956