02 December, 2023 05:28:20 PM


കേരളവര്‍മയില്‍ എസ്എഫ്‌ഐ തന്നെ; ചെയര്‍മാന്‍ കെ എസ് അനിരുദ്ധന്‍



തൃശ്ശൂർ: കേരളവർമ കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർമാൻ സ്ഥാനം എസ്എഫ്ഐക്ക് തന്നെ. ഹൈക്കോടതി നിർദേശപ്രകാരം ചെയർമാൻ സ്ഥാനത്തേക്ക് നടത്തിയ റീകൗണ്ടിങിൽ 3 വോട്ടുകൾക്ക് എസ്എഫ്ഐ സ്ഥാനാർഥി കെ എസ് അനിരുദ്ധൻ വിജയിച്ചു.

892 വോട്ടുകളാണ് അനിരുദ്ധൻ നേടിയത്. കെ എസ് യു സ്ഥാനാര്‍ഥി എസ് ശ്രീക്കുട്ടന്‌ 889 വോട്ടാണ് ലഭിച്ചത്‌. നേരത്തെ കൗണ്ടിങില്‍ കെ എസ് യു സ്ഥാനാര്‍ഥി ഒരു വോട്ടിന് ജയിച്ചിരുന്നു. എന്നാല്‍ കെ എസ് യുവിന്‍റെ ആഹ്ലാദപ്രകടനങ്ങള്‍ക്കിടെ എസ്എഫ്ഐ റീ കൗണ്ടിങ് ആവശ്യപ്പെട്ടു. എണ്ണി പകുതിയായതോടെ അട്ടിമറി ശ്രമമാരോപിച്ച് കെ എസ് യു പരാതിപ്പെട്ടു. ഇതോടെ വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചു. രണ്ടാമത് എണ്ണിയപ്പോള്‍ മൂന്നുവോട്ടിന് എസ്എഫ്ഐ സ്ഥാനാര്‍ഥി അനിരുദ്ധൻ വിജയിച്ചു.

ഒരു വോട്ടിന് എസ് ശ്രീക്കുട്ടന്‍ ജയിച്ച ശേഷം റീ കൗണ്ടിങ്ങിന്‍റെ  പേരില്‍ അട്ടിമറി നടത്തിയെന്നായിരുന്നു കെഎസ്‌യു ആരോപിച്ചത്. തുല്യ വോട്ടുകള്‍ വന്നപ്പോള്‍ റീ കൗണ്ടിങ് നടത്തിയെന്നും 11 വോട്ടിന് ചെയര്‍മാന്‍ സ്ഥാനാര്‍ഥി കെഎസ് അനിരുദ്ധന്‍ ജയിച്ചതായും എസ്എഫ്‌ഐ അവകാശപ്പെട്ടു. പിന്നീട് അനിരുദ്ധനെ ചെയർമാനായി കോളേജ് പ്രഖ്യാപിച്ചു. തുടർന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ആരോപിച്ച് കെ എസ് യു തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയും കോടതിയെ സമീപിക്കുകയുമായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K