23 July, 2024 06:07:06 PM


തിരുവനന്തപുരത്ത് ഹോട്ടലിൽ ഗുണ്ടാ ആക്രമണം; മൂന്ന് പേർ പിടിയിൽ



തിരുവനന്തപുരം: തലസ്ഥാനത്ത് ഹോട്ടലിൽ കയറി ആക്രമണം. പാറ്റൂരിൽ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റമുട്ടലിലെ പ്രതിയായ നിധിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. ഹോട്ടലിലെ സിസിടിവിയുടെ ഹാർഡ് ഡിസ്ക്കും പണവും മോഷ്ടിച്ചുവെന്ന പരാതിയിൽ നിധിൻ ഉള്‍പ്പെടെ മൂന്നു പേരെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം വഴുതക്കാട് പ്രവർത്തിക്കുന്ന കുട്ടനാടൻ പു‌ഞ്ചയെനന ഹോട്ടലിൽ കയറിയാണ് അതിക്രമം കാണിച്ചത്. ഹോട്ടൽ പ്രവർത്തിക്കുന്ന ഇതേ കെട്ടിടത്തിൽ മറ്റൊരു ഹോട്ടൽ മാസങ്ങള്‍ക്ക് മുമ്പ് പ്രവർത്തിച്ചിരുന്നു. ഹോട്ടൽ നഷ്ടത്തിലായതോടെ കെട്ടിട ഉടമയ്ക്ക് വാടക കുടിശികയുമുണ്ടായി. ഇതോടെ കെട്ടിട ഉടമ കുട്ടനാടൻ പുഞ്ചയെന്ന ഹോട്ടലുകാർക്ക് കട മുറി വാടകക്ക് നൽകി. ഇന്ന് രാവിലെ ഹോട്ടൽ പ്രവർത്തിച്ചു തുടങ്ങിയപ്പോഴാണ് മുൻ ഹോട്ടലിൽ പങ്കാളിത്വമുളള നിധിന്‍റെ നേതൃത്വത്തിൽ ഒരു സംഘമാളുകളെത്തി അതിക്രമം നടത്തിയത്. 

ഹോട്ടൽ പൂട്ടണമെന്നായിരുന്നു ആവശ്യം. സിസിടിവിയുടെ ഹാർഡ് ഡിസ്ക്കും കൗണ്ടറിലുണ്ടായിരുന്ന പണവും, ഹോട്ടലിന്‍റെ ബോർഡും അക്രമികള്‍ എടുത്തുകൊണ്ടുപോയെന്നാണ് പരാതി. വീണ്ടും മടങ്ങിയെത്തി കെട്ടിട ഉടമയെയും സംഘം ആക്രമിച്ചു.  ഷംസുദ്ദീൻ, നിധിൻ, മനു എന്നിവരെ സ്ഥലത്തെത്തിയ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. കെട്ടിട ഉടമയുടെയും ഹോട്ടലുകാരുടെയും പരാതിയിൽ രണ്ട് കേസുകളാണ് പ്രതികള്‍ക്കെതിരെ എടുത്തത്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K