26 July, 2024 01:33:43 PM


ജോലി ചെയ്ത സ്ഥാപനത്തിൽ നിന്ന് 20 കോടി തട്ടി മുങ്ങി; ജീവനക്കാരിയെ പിടികൂടാൻ ലുക്ക് ഔട്ട് സർക്കുലർ



തൃശൂർ: 18 വർഷം ജോലി ചെയ്ത സ്ഥാപനത്തിൽ നിന്ന് 20 കോടിയോളം രൂപ തട്ടിയെടുത്ത് മുങ്ങിയ ജീവനക്കാരിയെ കണ്ടെത്താൻ ലുക്ക് ഔട്ട് സർക്കുലർ. കൊല്ലം സ്വദേശിനി ധന്യ മോഹൻ 20 കോടി തട്ടിയത് അഞ്ചു വർഷം കൊണ്ടാണെന്ന് തൃശൂർ റൂറൽ എസ്.പി നവനീത് ശർമ പറഞ്ഞു.  വലപ്പാട് മണപ്പുറം കോംപ്ടക് ആന്റ് കൺസൾട്ടന്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് തട്ടിപ്പ് നടത്തിയത്.

സ്ഥാപനത്തിൽ അസിസ്റ്റന്‍റ് ജനറൽ മാനേജരായാണ് ധന്യ മോഹൻ ജോലി ചെയ്തിരുന്നത്. ഡിജിറ്റൽ ഇടപാടിലൂടെയാണ് ധന്യ 20 കോടി തട്ടിയെടുത്തെന്ന് എസ് പി പറഞ്ഞു. കൊല്ലം സ്വദേശിനിയായ ധന്യ മോഹൻ വിദേശത്തേയ്ക്ക് കടക്കാതിരിക്കാനുള്ള ജാഗ്രതയിലാണ് പൊലീസ്. ഏഴംഗ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണമെന്ന് എസ് പി പറഞ്ഞു. 

ധന്യ താമസിച്ചിരുന്ന തൃശൂരിലെ വീടും കൊല്ലത്തെ വീടും പൂട്ടിയിട്ട നിലയിലാണ്. ധന്യയും ബന്ധുക്കളും ഒളിവിലാണ്. ജൂലൈ 23ന് സ്ഥാപനം ധന്യയ്ക്കെതിരെ പരാതി നൽകിയതിന് പിന്നാലെയാണ് കാണാതായത്. വീടിന്‍റെ പൂട്ട് തകർത്ത് അകത്തു കയറി പൊലീസ് പരിശോധന നടത്തി. 

ധന്യ 19.94 കോടി രൂപ സ്ഥാപനത്തിൽ നിന്ന് തട്ടിയെടുത്തെന്നാണ് പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തൽ. 2020 മെയ് മുതൽ സ്ഥാപനത്തിൽ നിന്നും വ്യാജ ലോണുകൾ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റൽ പേഴ്സണൽ ലോണ്‍ അക്കൗണ്ടിൽ നിന്നും അഞ്ച് അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്തായിരുന്നു തട്ടിപ്പ്. പിടിയിലാവും എന്ന ഘട്ടത്തിൽ യുവതി ശാരീരിക ബുദ്ധിമുട്ടെന്ന് പറഞ്ഞാണ്  ഓഫീസിൽ നിന്നും പോയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K