29 December, 2023 11:52:14 AM


വളര്‍ത്തു മൃഗങ്ങളെ കൊന്ന കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കയറിയില്ല



വയനാട്: മീനങ്ങാട് സിസിയില്‍ വളര്‍ത്തു മൃഗങ്ങളെ കൊന്ന കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കയറിയില്ല. മേഖലയില്‍ രണ്ടിടത്താണ് കൂട് സ്ഥാപിച്ചത്. ശനിയാഴ്ച പശുവിനെ കൊന്ന ഞാറക്കാട്ടില്‍ സുരേന്ദ്രന്‍റെ തൊഴുത്തിന് സമീപവും കഴിഞ്ഞദിവസം ആടിനെ കൊന്ന താഴെ അരിവയല്‍ വര്‍ഗീസിന്‍റെ വീടിന് പുറകിലും ആണ് കൂടുകള്‍ സ്ഥാപിച്ചത്. ഇതിനിടെ പലയിടത്തും കടുവയെ കണ്ടതായി നാട്ടുകാര്‍ പറയുന്നുണ്ട്. രണ്ടിടത്തായി വനം വകുപ്പ് സംഘം ക്യാമ്പ് ചെയ്യുകയും തിരച്ചില്‍ നടത്തുകയും തുടരുകയാണ്.

മീനങ്ങാടിയില്‍ ഇറങ്ങിയത് വയനാട് സൗത്ത് 09 എന്ന ആണ്‍കടുവയെന്ന് വനംവകുപ്പ്. സിസിക്കടുത്ത് അരിവയലിലും ഇറങ്ങിയത് ഇതേ കടുവയെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. കടുവയുടെ കാല്‍പ്പാടുകള്‍ പരിശോധിച്ചാണ് വനംവകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഈ മാസം 23ന് വാകേരിക്കടുത്ത് സിസിയില്‍ കടുവ സുരേന്ദ്രന്‍ എന്നയാളുടെ ആടിനെ കൊന്നിരുന്നു. ഇവിടെ സിസിടിവി ദൃശ്യങ്ങളിലും കടുവയെ കണ്ടിരുന്നു. ഇതേ കടുവ തന്നെയാണ് അരിവയലിലും എത്തിയത്.

ജയ എസ്‌റ്റേറ്റിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമായ ഇവിടെ വര്‍ഗീസ് എന്നയാളുടെ വീടിന് പരിസരത്ത് നിന്നും ആടിനെ കടുവ കൊന്നിരുന്നു. വളര്‍ത്തുമൃഗങ്ങളെ പിടിച്ച അതേ സ്ഥലങ്ങളില്‍ മാംസം ഭക്ഷിക്കാന്‍ കടുവ വീണ്ടും എത്താനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് കൂട് സ്ഥാപിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K