28 July, 2024 05:34:15 PM


അർജുന്‍റെ കു‍ഞ്ഞിനോട് ചോദ്യങ്ങളുന്നയിച്ച സംഭവം; യൂട്യൂബ് ചാനലിന് എതിരെ ബാലവകാശ കമ്മീഷന് പരാതി



കോഴിക്കോട്: കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ മകനോട് ചോദ്യങ്ങൾ ചോദിക്കുകയും അത് സംപ്രേഷണം ചെയ്യുകയും ചെയ്ത സംഭവത്തിൽ യൂട്യൂബ് ചാനലിന് എതിരെ ബാലവകാശ കമ്മീഷന് പരാതി നൽകി. അർജുന്റെ രണ്ടു വയസ്സുള്ള മകനോട് മനുഷ്യത്വരഹിതമായ ചോദ്യങ്ങൾ ചോദിച്ച സംഭവത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. മഴവിൽ കേരളം എന്ന യുട്യൂബ് ചാനലിനെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. പാലക്കാട് അലനല്ലൂർ സ്വദേശി പി.ഡി.സിനിൽ ദാസ് ആണ് പരാതി നൽകിയത്.

കുഞ്ഞിനെ ക്യാമറയ്ക്ക് മുന്നിലെത്തിച്ച് ചോദ്യങ്ങൾ ചോദിച്ച സംഭവത്തിൽ സമൂഹമാധ്യമങ്ങളിലടക്കം വലിയ തോതിലുള്ള വിമർശനമാണ് ഉയർന്നത്. അതേസമയം, അർജുനായുള്ള തിരച്ചിൽ തത്കാലത്തേക്ക് നിർത്തിവച്ചു. തിരച്ചിൽ താത്കാലികമായി അവസാനിപ്പിക്കുന്നുവെന്ന് കർണാടക ഫിഷറിസ് മന്ത്രി അറിയിച്ചു. എന്നാൽ ദൗത്യ സംഘം സ്ഥലത്ത് തന്നെ തുടരും. അനുകൂല സാഹചര്യമായാൽ ദൗത്യം തുടരുമെന്നും മന്ത്രി പറഞ്ഞു. ഷിരൂരിൽ ദൗത്യം തുടരണമെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരമായ്യയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. സാധ്യമായ എല്ലാ സംവിധാനങ്ങും ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

ഇനി തിരച്ചിലിന് ആവശ്യമായ യന്ത്രങ്ങൾ എത്തിക്കേണ്ടത് തമിഴ്നാട്ടിൽ നിന്ന് റോഡ് മാർഗമാണ്. ഇതിനായി നാല് ദിവസമെങ്കിലും വേണ്ടി വരും. വരുന്ന നാല് ദിവസത്തേക്ക് തിരച്ചിൽ നിർത്തിവെച്ചേക്കുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. തിരച്ചിൽ നിർത്തിവെക്കുന്നതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. രക്ഷാദൗത്യം അവസാനിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. കൂടിയാലോചന നടത്താതെയാണ് തീരുമാനം. പ്രതികൂല കാലാവസ്ഥയിലും രക്ഷാപ്രവർത്തനം നടത്തുന്ന സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. പാണ്ടൂൺ വരില്ലെന്ന് പറഞ്ഞില്ല, യോഗ തീരുമാനം പാലിച്ചില്ല, യന്ത്രങ്ങൾ എത്തിച്ചില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K