01 August, 2024 01:37:09 PM
ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ്; എം 80 ഇനി കളത്തിന് പുറത്ത്, എട്ട് ബൈക്കില്‍ എടുക്കണം
കൊച്ചി: ടൂവീലര്‍ ലൈസന്‍സ് എടുക്കാന്‍ 'മോട്ടോര്‍ സൈക്കിള്‍ വിത്ത് ഗിയര്‍' വിഭാഗത്തില്‍ ഇനി കാല്‍പാദം ഉപയോഗിച്ച് പ്രവര്‍ത്തിക്കാവുന്ന ഗിയര്‍ സംവിധാനമുള്ള ഇരുചക്ര വാഹനം നിർബന്ധമാണ്. എന്‍ജിന്‍ കപ്പാസിറ്റി 95 സി.സി. മുകളിലും വേണമെന്നാണ് പുതിയ മോട്ടോര്‍വാഹന ചട്ടങ്ങൾ പറയുന്നത്. ഇതോടെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിലെ എം80 ആധിപത്യം അവസാനിക്കുകയാണ്.
ഡ്രൈവിങ് സ്‌കൂളുകളില്‍ ഭൂരിഭാഗം പേരും ടെസ്റ്റിനായി ഹാന്‍ഡിലില്‍ ഗിയര്‍മാറ്റാന്‍ സംവിധാനമുള്ള എം 80 കളാണ് ഉപയോഗിച്ചിരുന്നത്. ഇവയ്ക്ക് 75 സി സി മാത്രം എന്‍ജിന്‍ കപ്പാസിറ്റിയാണുള്ളത്. പുതിയ പരിഷ്‌കാരങ്ങള്‍ ഇന്നുമുതല്‍ നടപ്പിലാക്കുന്നതോടെ എം80ക്ക് പകരം ബൈക്കുകളാകും ടെസ്റ്റിന് ഉപയോഗിക്കുക. എട്ട് മാതൃകയിലുള്ള കമ്പികള്‍ക്കിടയിലൂടെ എം80 തിരിച്ചെടുക്കാൻ താരതമ്യേന എളുപ്പമാണ്. ഇതിലൂടെ ബൈക്ക് തിരിച്ചെടുക്കുകയെന്നത് അത്ര എളുപ്പമല്ല. ഇനി ടൂവിലര്‍ ലൈസന്‍സ് ടെസ്റ്റ് പാസാകുന്നവരുടെ എണ്ണം കുറയുമെന്നാണ് വിലയിരുത്തൽ.
നാലുചക്രവാഹനം ഓടിക്കുന്നതിനുള്ള ലൈസന്‍സിനുള്ള ടെസ്റ്റിന് ഓട്ടോമാറ്റിക് ഗിയര്‍/ ട്രാന്‍സ്മിഷന്‍ ഉള്ള വാഹനങ്ങളെയും ഇലക്ട്രിക് വാഹനങ്ങളെയും ഒഴിവാക്കും. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടപ്രകാരമുള്ള ഡ്രൈവിങ് ക്ഷമത പരിശോധിക്കുന്നതിന് ഇവ പര്യാപ്തമല്ലെന്ന വിലയിരുത്തലിനെത്തുടർന്നാണ് മാറ്റം. ഇത്തരം വാഹനങ്ങളില്‍ ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവർ മാനുവല്‍ ഗിയര്‍ ഉള്ള വാഹനങ്ങള്‍ ഓടിക്കാന്‍ ശ്രമിക്കുമ്പോൾ സുരക്ഷാപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്നാണ് കണ്ടെത്തൽ.