02 August, 2024 09:55:00 AM


ദുരന്തബാധിതരെ വീണ്ടും ദുരിതത്തിലാക്കരുത്- എം.എസ്.ഭുവനചന്ദ്രൻ



തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ ദുരന്തം ബാധിച്ചവരെ വീണ്ടും ദുരിതത്തിലാക്കരുതെന്ന് ഗണേശോത്സവ ട്രസ്റ്റിന്റെ മുഖ്യകാര്യദർശി എം എസ് ഭുവനചന്ദ്രൻ സർക്കാരിനോട് ആവശ്യപ്പെട്ടു.മുൻകാലങ്ങളിലെ ദുരനുഭവങ്ങൾ ഇപ്പോഴും കണ്ണീരിന്റെ  നേർചിത്രങ്ങളായി അവശേഷിക്കുകയാണ്.ഒരു ദുരന്തം ഉണ്ടാകുമ്പോൾ ആളും ആരവവും സഹായങ്ങളും മലവെള്ളം പോലെ വരും.ഒരു മാസം കഴിഞ്ഞാൽ ദുരിതങ്ങൾ മാത്രമേ ദുരന്തബാധിതർക്ക് കൂട്ടായി കാണൂ.

വയനാട്ടിലെ മഹാപ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവരെ സർക്കാർ ജീവനക്കാർ ദുരിതത്തിലാക്കരുത്.നഷ്ടപരിഹാരങ്ങളും ഭൂമി സംബന്ധമായ രേഖകളും രക്ഷപ്പെട്ട കുട്ടികളുടെ പഠന സർട്ടിഫിക്കറ്റുകളും വിദേശത്ത് ജോലി ചെയ്യുന്നവരുടെ പാസ്പോർട്ടുകളും  ഏകജാലക സംവിധാനത്തിലൂടെ വേഗത്തിൽ കൊടുക്കാനുള്ള നടപടികൾ സ്വീകരിക്കണം. നഷ്ടപരിഹാരം കിട്ടാനായി സർക്കാർ കാര്യം മുറ പോലെ എന്ന പതിവ് രീതി കാണിക്കാൻ ഭരണാധികാരികൾ ജീവനക്കാരെ  അനുവദിക്കരുത്.

ഇപ്പോഴത്തേക്കാൾ പ്രാധാന്യത്തോടെ ദുരന്തബാധിതരുടെ ആവശ്യങ്ങൾ സർക്കാരിൽ നിന്ന് നേടിയെടുക്കാനാണ് എല്ലാവരും സഹായിക്കേണ്ടത്.നിസഹായരും നിരാലംബരുമായ അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരണം.
ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ സന്നദ്ധ പ്രവർത്തകർ അതിന് കൂടി മുൻകൈ എടുക്കണമെന്ന് ഗണേശോത്സവ ട്രസ്റ്റിന്റെ  മുഖ്യകാര്യദർശി എം എസ് ഭുവനചന്ദ്രൻ അഭ്യർത്ഥിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K