03 August, 2024 06:48:21 PM


പെണ്‍കുട്ടിയുടെ കൈയില്‍ പിടിച്ച് 'ഐ ലവ് യു' പറഞ്ഞു; യുവാവിന് രണ്ടു വര്‍ഷം തടവ്



മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി പ്രണയാഭ്യര്‍ത്ഥന നടത്തിയ 19 കാരന് 2 വര്‍ഷത്തെ കഠിന തടവ് വിധിച്ച് കോടതി. കൈപിടിച്ച് 'ഐ ലവ് യു' എന്ന് പ്രണയാഭ്യര്‍ഥന നടത്തിയതിനാണ് കോടതി രണ്ടുവര്‍ഷത്തെ കഠിനതടവ് വിധിച്ചത്. 14 വയസുള്ള പെണ്‍കുട്ടിയെ ബലമായി പിടിച്ചു കൊണ്ടുപോയാണ് 19കാരനായ യുവാവ് പ്രണയം പറഞ്ഞതെന്ന് പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു.

മുംബൈയിലെ പ്രത്യേക പോക്സോ കോടതിയുടേതാണ് വിധി. പ്രതിയുടെ വാക്കുകള്‍ പെണ്‍കുട്ടിയുടെ അഭിമാനത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ജഡ്ജി അശ്വിനി ലോഖണ്ഡേ പറഞ്ഞു. എന്നാല്‍, പോക്സോ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയില്ല. ജൂലൈ 30ന് പുറപ്പെടുവിച്ച ഉത്തരവില്‍ ഐപിസി പ്രകാരം പീഡനക്കേസില്‍ പ്രതി കുറ്റക്കാരനാണെന്നാണ് കോടതി വിധിച്ചത്.

2019 സെപ്റ്റംബറിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അമ്മ സക്കിനാക്ക പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ചായപ്പൊടി വാങ്ങാന്‍ അടുത്തുള്ള കടയിലേക്ക് പോയ മകള്‍ കരഞ്ഞുകൊണ്ടാണ് വീട്ടിലേക്ക് മടങ്ങി എത്തിയതെന്നും കാരണം തിരക്കിയപ്പോള്‍ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ വെച്ച് ഒരാള്‍ തന്റെ കൈയില്‍ പിടിച്ച് 'ഐ ലവ് യു' എന്ന് പറഞ്ഞതായി പെണ്‍കുട്ടി പറഞ്ഞതായും പരാതിയില്‍ പറയുന്നു.

തനിക്കെതിരെ ചുമത്തിയ കുറ്റങ്ങളില്‍ യുവാവ് കുറ്റസമ്മതം നടത്തി. വിചാരണ വേളയില്‍ പെണ്‍കുട്ടിയും അമ്മയും ഉള്‍പ്പെടെ നാല് സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. എന്നല്‍ പെണ്‍കുട്ടിയും താനും പ്രണയബന്ധത്തിലായിരുന്നുവെന്ന പ്രതിയുടെ വാദം കോടതി അംഗീകരിച്ചില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K