14 August, 2024 12:41:43 PM


'പൂരം പഴയ പെരുമയോടെ നടത്തും, ജനങ്ങളുടെ ഉത്സവമാക്കും'; തൃശ്ശൂരിൽ യോ​ഗം വിളിച്ച് സുരേഷ് ​ഗോപി



തൃശ്ശൂർ: തൃശ്ശൂർ പൂരം പഴയ പെരുമയോടെ നടത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ്​ഗോപി. ഇത് ജനങ്ങളുടേയും പൂരപ്രേമികളുടേയും അവകാശമാണ്. സംഘർഷങ്ങളൊന്നുമില്ലാതെ തൃശ്ശൂർ പൂരം മനോഹരമായി നടത്തിയിരുന്ന, അത് കണ്ട് ആസ്വദിച്ചിരുന്ന ഒരുകാലം നമുക്ക് ഉണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ തവണ ഹിതകരമല്ലാത്ത ചില സംഭവങ്ങളുണ്ടായി. പൂരം ജനങ്ങളുടേയും പൂരപ്രേമികളുടേയും അവകാശമാണെന്നും സുരേഷ് ​ഗോപി പറഞ്ഞു. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് യോ​ഗം വിളിച്ചിരുന്നു.

പൂരത്തിന് ഹൈക്കോടതി നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചേ മതിയാകൂ. അത് നിയമമാണ്. എന്നാൽ, അതിനകത്ത് വൈകാരിക ചില ഇടപെടലുകൾ ഉണ്ടായെങ്കിൽ അത് മാറണം. കോടതിയെ ഈ വിഷയം ധരിപ്പിക്കാനും സാങ്കേതികമായ മാറ്റങ്ങൾ വരുത്തി പൂരം പൂർവസ്ഥിതിയിലേക്ക് കൊണ്ടുവരാനുമുള്ള ശ്രമത്തിന്റെ ഭാ​ഗമായാണ് ഇന്ന് യോ​ഗം വിളിച്ചത്. ഇതുപോലെ നാല്, അഞ്ച് യോ​ഗങ്ങൾ ഉണ്ടാകും. ജനങ്ങളുടെ ഉത്സവമായി പൂരത്തെ മാറ്റണം. ഇക്കാര്യം കേന്ദ്രമന്ത്രി പിയൂഷ് ​ഗോയലിനോട് പറഞ്ഞപ്പോൾ അദ്ദേഹം ഒരു സംഘത്തെ തന്നെ അയച്ചിട്ടുണ്ട്. പെസോ (Petroleum and Explosives Safety Organisation), സ്ഫോടക വസ്തുക്കളും ശബ്ദവും വെളിച്ചവും മറ്റുമായി ബന്ധപ്പെട്ട വിദ​ഗ്ധർ എന്നിവരെയൊക്കെ അയച്ചിട്ടുണ്ടെന്നും സുരേഷ്ഗോപി പറഞ്ഞു.

യോ​ഗത്തോടെ തൃശൂർ പൂരം വെടിക്കെട്ടിന് പുതിയ ക്രമീകരണങ്ങൾ കൊണ്ടുവരാനുള്ള ചർച്ചകൾ തുടങ്ങി. പെസൊ ഉദ്യോഗസ്ഥർ, ജില്ലാ കളക്ടർ, കമ്മീഷണർ, ദേവസ്വം ഭാരവാഹികൾ എന്നിവരുടെ സംയുക്ത യോഗമാണ് തൃശൂരിൽ നടന്നത്. പൂരം വെടിക്കെട്ട് പൊതുജനങ്ങൾക്ക് ആസ്വദിക്കാൻ കഴിയുന്ന രീതിയിലുള്ള ക്രമീകരണങ്ങൾ ഒരുക്കാനാണ് ചർച്ച. സുരക്ഷിതമായി സ്വരാജ് റൗണ്ടിൽ നിന്ന് വെടിക്കെട്ട് കാണുന്നതിന് ഹൈക്കോടതിയുടെ അനുമതി തേടാൻ വേണ്ട നിയമ ഭേദഗതികളും യോഗത്തിൽ ചർച്ചയായി. വെടിക്കെട്ട് സംബന്ധിച്ച നിലവിലെ നിയമപരമായ തടസങ്ങൾ പെസോ ഉദ്യോഗസ്ഥർ യോഗത്തിൽ അവതരിപ്പിച്ചു. ജില്ലാ കലക്ടറും കമ്മീഷണറും കഴിഞ്ഞ വർഷങ്ങളിൽ വെടിക്കെട്ട് നടത്തിപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങളും യോഗത്തിൽ അവതരിപ്പിച്ചു. വെടിക്കെട്ട് പഴയ പോലെ ആസ്വദിക്കാൻ ആളുകൾക്ക് കഴിയണമെന്നതാണ് യോഗത്തിൽ ഉയർന്ന പൊതുവികാരം. ഇത് സംബന്ധിച്ച് ഹൈക്കോടതിയുടെ അനുമതി വാങ്ങേണ്ടതുണ്ട്. സ്വരാജ് റൗണ്ടിൻ്റെ കൂടുതൽ ഭാഗങ്ങളിൽ വെടിക്കെട്ട് ആസ്വദിക്കാൻ ആളെ നിർത്താനാണ് ശ്രമം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K