20 August, 2024 04:16:21 PM


ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട്: 'കുറ്റവാളികളുടെ പേരുകള്‍ പുറത്ത് വിടണം, നടപടിയെടുക്കണം'- സാറാ ജോസഫ്



കോഴിക്കോട്: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരിച്ച് എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ സാറാ ജോസഫ്. കുറ്റവാളികളുടെ പേര് പുറത്തു പറയാത്ത ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നും കുറ്റകൃത്യം ചെയ്തവരുടെ പേരുകള്‍ പുറത്ത് വിടണമെന്നും സാറാ ജോസഫ് പറഞ്ഞു. പുറത്തുവന്ന ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വിശദാംശങ്ങള്‍ ഒന്നുമില്ല. അതൊരു പുക പോലെയാണ്. ആര്‍ക്കുവേണമെങ്കിലും പറയാവുന്ന കാര്യങ്ങള്‍ അതില്‍ പറഞ്ഞിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.

"കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രൈം നടക്കുമ്പോള്‍ അതിലൊരു പ്രതിയോ പ്രതികളോ വേണം. പരാതിക്കാര്‍ അതില്‍ പേരുകള്‍ പറഞ്ഞിട്ടില്ല. പറഞ്ഞിട്ടുണ്ടെങ്കിലല്ലേ കോടതിക്കോ സര്‍ക്കാരിനോ നടപടിയെടുക്കാന്‍ കഴിയൂ? അങ്ങനെ പ്രത്യേകമായി റിപ്പോര്‍ട്ടില്‍ ഒന്നും കാണുന്നില്ല. ഇത് മുമ്പും നടന്നിട്ടുണ്ടാകാമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളു. ആര്‍ക്കുവേണമെങ്കിലും പറയാവുന്ന കാര്യങ്ങളേയുള്ളു.

കാരണം സിനിമാരംഗം എന്നുപറയുന്നത് കള്ളപ്പണവും മദ്യവും മയക്കുമരുന്നും ലൈംഗികഅരാജകത്വവുമെല്ലാം ഉള്ളതാണെന്ന് നമുക്കറിയാവുന്ന കാര്യമാണ്. പക്ഷേ ഒരു മാഫിയയുടെ കൈയിലാണ് ആ രംഗം തിരിയുന്നത് എന്നതുകൊണ്ട് അത് ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. പരാതികളില്‍ പറഞ്ഞിട്ടുള്ളപ്രകാരം ആരാണ് അവിടെ ഇടനിലക്കാരായിട്ടുള്ളത്, അവരുടെ പേരുകള്‍ പറയട്ടെ. എങ്കിലല്ലേ നിയമനടപടികള്‍ എടുക്കാന്‍ കഴിയുകയുള്ളൂ. അതൊന്നുമില്ലാതെ ഇപ്പോള്‍ പൊതുജനങ്ങള്‍ക്ക് മുന്നിലെത്തിയിട്ടുള്ളത് അപൂര്‍ണമായ റിപ്പോര്‍ട്ടാണ്.

പേര് പറഞ്ഞാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കണം. അല്ലെങ്കില്‍ ഈ റിപ്പോര്‍ട്ടിന് ഒരു സാംഗത്യവുമില്ലാതെയാകും. അത്തരത്തിലുള്ള വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമോ അതില്‍ നടപടിയെടുക്കുമോ എന്ന ആശങ്കയുണ്ട്. നടന്നിട്ടുള്ളത് ക്രൈം ആണ്. തൊഴിലിടത്തില്‍ സ്ത്രീയെ ചെന്ന് വാതിലില്‍ മുട്ടിവിളിച്ച്, പേടിപ്പിച്ച് കൊണ്ടുപോയി ലൈംഗികബന്ധത്തിലേര്‍പ്പെടുക എന്നുപറയുന്നത് റേപ്പിന് തുല്യമാണ്. അത് കുറ്റകൃത്യമാണ്. പ്രതി ശിക്ഷിക്കപ്പെടുകതന്നെ വേണം. റിപ്പോര്‍ട്ടിലെ പുറത്തുവിടാത്ത ഭാഗങ്ങളില്‍ സര്‍ക്കാര്‍ അന്വേഷിച്ച് നടപടിയെടുക്കുന്നത് ശരിതന്നെ.

എന്നാല്‍ കുറ്റകൃത്യം നടന്നുകഴിഞ്ഞിട്ട് കുറ്റംചെയ്ത ആളെ സംരക്ഷിക്കുന്നത് എന്തിനാണ്? അവരെ സംരക്ഷിച്ചുകൊണ്ടുള്ള നടപടിയല്ലേ അത്. എന്തൊക്കെയോ ഇടിഞ്ഞുവീഴും, ആരൊക്കെയോ തകര്‍ന്നുപോകും. അത് തങ്ങള്‍ക്ക് നഷ്ടമുണ്ടാക്കും, ഇതാണല്ലോ പേര് പുറത്ത് വിടാതിരിക്കാനുള്ള കാരണം. സ്ത്രീകളുടെ നേര്‍ക്ക് നടക്കുന്ന എല്ലാതരത്തിലുമുള്ള കുറ്റകൃത്യങ്ങള്‍ക്കും ഇതേ നിലപാടാണ്. നമ്മുടേത് ഒരു പുരുഷാധിപത്യസമൂഹമാണെന്ന് എത്ര പറഞ്ഞാലും മതിയാവാത്ത തരത്തില്‍ തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. സിനിമാമേഖലയിലും സമാന അവസ്ഥതന്നെ"- സാറാ ജോസഫ് പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K