22 August, 2024 04:50:47 PM


നമ്മൾ ഡ്യൂട്ടി ചെയ്യുന്നു, മറ്റുള്ളവർ ക്രെഡിറ്റെടുക്കുന്നു, വയനാട്ടിൽ ആദ്യമെത്തിയത് പൊലീസ്- എഡിജിപി



കോഴിക്കോട്: പൊലീസിന്റെ നേട്ടങ്ങളുടെ ക്രെഡിറ്റ് മറ്റുള്ളവര്‍ കൊണ്ടുപോകുന്നുവെന്ന് മുണ്ടക്കൈ ദുരന്തത്തെ പരാമര്‍ശിച്ച് എഡിജിപി എം ആര്‍ അജിത്ത് കുമാര്‍. വയനാട്ടില്‍ പോലും ആദ്യം എത്തിയത് പൊലീസുകാരാണ്. പൊലീസിന് ഫോട്ടോ എടുക്കാന്‍ അറിയില്ല. അതിനുള്ള ആളും പൊലീസിനില്ല. മറ്റ് സേനാ വിഭാഗങ്ങള്‍ ഫോട്ടോ എടുക്കുന്നത് കണ്ടു. നമ്മള്‍ ഡ്യൂട്ടി ചെയ്യുന്നു. മറ്റുള്ളവര്‍ ക്രെഡിറ്റ് കൊണ്ടുപോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് വടകരയില്‍ നടക്കുന്ന പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എഡിജിപി എം ആര്‍ അജിത്ത് കുമാര്‍.

പൊലീസിലെ ആത്മഹത്യ ജോലി ഭാരം കൊണ്ടല്ലെന്ന് പറഞ്ഞ എഡിജിപി ഒരു ആത്മഹത്യയും ജോലി ഭാരം കൊണ്ടല്ലെന്ന് വ്യക്തമാക്കി. മറ്റ് വിഭാഗങ്ങളില്‍ വര്‍ദ്ധിച്ചതുപോലെ ആത്മഹത്യാ നിരക്ക് പൊലീസിലും വര്‍ദ്ധിച്ചിട്ടുണ്ട്. സാങ്കേതിക സംവിധാനങ്ങളെ കൂടുതല്‍ ആശ്രയിച്ച് ജോലിഭാരം കുറയ്ക്കുക. ജോലി ചെയ്യാന്‍ അറിയാത്തവര്‍ക്കാണ് ജോലി ഭാരമായി തോന്നുന്നതെന്നും അജിത്ത് കുമാര്‍ പറഞ്ഞു.

പൊലീസിനെ കുറിച്ച് ജനങ്ങള്‍ക്ക് നല്ല അഭിപ്രായമാണ്. പെറ്റി കേസുകളെടുത്ത് സമയം കളഞ്ഞ് ജോലിഭാരം കൂട്ടരുത്. പെറ്റി കേസുകള്‍ കുറഞ്ഞതുകൊണ്ട് ക്രിമിനൽ കേസുകള്‍ കൂടാനും കുറയാനും പോകുന്നില്ല. റോഡില്‍ പൊലീസ് വേണം, വാഹനങ്ങള്‍ പരിശോധിക്കണം, പെറ്റി അടിക്കണമെന്ന് താന്‍ പറയുന്നില്ല.

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ല. സസ്‌പെന്‍ഷന്‍ ലഭിച്ച എസ്എച്ച്ഒയ്ക്ക് വീഴ്ച പറ്റിയിട്ടില്ല. മാധ്യമങ്ങള്‍ പറയുന്നതിന് പിന്നാലെ പോയി നടപടി എടുക്കരുത്. അങ്ങനെ നടപടി എടുക്കുന്നവരാണ് ഇളിഭ്യരാകുന്നത്. മാധ്യമങ്ങള്‍ പറയുന്നതില്‍ ശരി ഉണ്ടോ എന്ന് നോക്കി നടപടി എടുക്കണമെന്നും എഡിജിപി എം ആര്‍ അജിത്ത് കുമാര്‍ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K