25 August, 2024 05:56:45 PM


ആളുമാറി വീട്ടിൽ കയറി 16കാരനെ മര്‍ദ്ദിച്ചു; എഎസ്ഐക്ക് സസ്പെൻഷൻ



പാലക്കാട്: പട്ടാമ്പിയിൽ വിദ്യാർത്ഥിയെ ആളുമാറി മർദ്ദിച്ച സംഭവത്തിൽ എഎസ്ഐ ജോയ് തോമസിന് സസ്പെൻഷൻ. തൃശൂർ റേഞ്ച് ഡിഐജി ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. പ്രാഥമിക അന്വേഷണത്തിൽ എഎസ്ഐയിൽ നിന്ന് ഗുരുതര വീഴ്ച്ച സംഭവിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. പട്ടാമ്പി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിന്റെ ചുമതലയായിരുന്നു എഎസ്ഐ ജോയ്. രണ്ടു ദിവസം മുമ്പാണ് വീട്ടിൽ കയറി 16 കാരനെ മർദ്ദിച്ചത്.

നേരത്തെ ജോയ് തോമസിനെ സ്ഥലംമാറ്റിയിരുന്നു. പറമ്പിക്കുളത്തേക്കായിരുന്നു സ്ഥലം മാറ്റം. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഷൊർണൂർ ഡിവൈഎസ്പി ആർ. മനോജ് കുമാറാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. പൊലീസുകാരുടെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ പാടില്ലാത്ത നടപടിയാണ് എഎസ്ഐയിൽ നിന്നുണ്ടായതെന്ന് ഡിവൈഎസ്പിയുടെ റിപ്പോ‍ർട്ടിലുണ്ടായിരുന്നു.

അന്വേഷണ സംഘം മർദ്ദനമേറ്റ കുട്ടിയുമായും കുടുംബവുമായും സംസാരിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തിൽ എഎസ്ഐയിൽ നിന്ന് ഗുരുതര വീഴ്ച്ച സംഭവിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. ഗുരുതര വീഴ്ചയുണ്ടായിട്ടും നടപടി സ്ഥലംമാറ്റത്തിൽ ഒതുക്കിയതിൽ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് സസ്പെൻഷൻ ഉത്തരവെത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K