26 August, 2024 04:56:39 PM


പാലക്കാട് വീണ്ടും പൊലീസ് ക്രൂരത; 17കാരൻ ചികിത്സയിൽ



പാലക്കാട്: പാലക്കാട് പ്ലസ് ടു വിദ്യാർത്ഥിക്ക് നേരെ പൊലീസിന്റെ ക്രൂരത. പാലക്കാട് നെന്മാറയിൽ 17കാരനെ പൊലീസ് ഉദ്യോഗസ്ഥർ മർദ്ദിച്ചു. പൊലീസ് ജീപ്പിലെത്തിയ ഉദ്യോഗസ്ഥർ കുട്ടിയെ മർദ്ദിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥി നെന്മാറയിൽ താലൂക്ക് ആശുപത്രിയിൽ ചികിത്സിയിലാണ്.വാഹനത്തിന്റെ അരികിലേക്ക് വിളിച്ചുവരുത്തിയ ഉടൻ മർദ്ദിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥി പറഞ്ഞു. തലയിലും കഴുത്തിലും പോലീസ് ഉദ്യോഗസ്ഥൻ മാരകമായി മർദ്ദിച്ചെന്നും വിദ്യാർത്ഥി വ്യക്തമാക്കി. പൊലീസ് ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വരുന്നുണ്ട്.

മകനെ മർദ്ദിച്ചതിന്റെ കാരണം വ്യക്തമല്ലെന്നും സാധനം വാങ്ങാൻ കടയിൽ പോയതാണെന്നും മർദ്ദനമേറ്റ വിദ്യാർത്ഥിയുടെ പിതാവ് മാധ്യമത്തിനോട് പറഞ്ഞു . തല ജീപ്പിൽ ഇടിപ്പിച്ചെന്നും മുഖം വീങ്ങിയിരിക്കുകയാണെന്നും പിതാവ് പറഞ്ഞു. രാജേഷ് എന്ന ഉദ്യോഗസ്ഥനാണ് മകനെ മർദ്ദിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'അറിയാതെ സംഭവിച്ചതാണെന്ന് പൊലീസ് പറഞ്ഞു. പൊലീസ് മറ്റാരെയോ തേടി വന്നതാണ്,' പിതാവ് വ്യക്തമാക്കി.

പാലക്കാട് ഒരാഴ്ചക്കിടെ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്‌. നേരത്തെ പട്ടാമ്പിയില്‍ വിദ്യാര്‍ത്ഥിയെ ആളുമാറി മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍ ലഭിച്ചിരുന്നു. എസ്സിപിഒ ജോയ് തോമസിനെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. സംഭവത്തിന് പിന്നാലെ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഷൊര്‍ണൂര്‍ ഡിവൈഎസ്പി അന്വേഷിക്കുകയും ഇദ്ദേഹത്തെ പറമ്പിക്കുളം പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ സസ്പെന്‍ഷന്‍ ഉത്തരവിറങ്ങുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K