27 August, 2024 12:24:59 PM


ചലച്ചിത്ര നയരൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ ഒഴിവാക്കിയേക്കും



കൊല്ലം: ആരോപണ നിഴലിൽ നിൽക്കുമ്പോഴും നടനും എംഎൽഎയുമായ മുകേഷിനെ കൈവിടാതെ സിപിഎം. ലൈംഗിക ആരോപണത്തെ തുടർന്ന് മുകേഷ് എംഎൽഎ സ്ഥാനം ഒഴിയണമെന്ന് ഇപ്പോൾ ആവശ്യപ്പെടില്ല. സമാന ആരോപണങ്ങളിൽ യുഡിഎഫ് എംഎൽഎമാർ രാജി വെച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നിലപാടെടുക്കുന്നത്. ചലച്ചിത്ര നയ രൂപീകരണ സമിതിയിൽ നിന്നു മുകേഷ് സ്വയം ഒഴിഞ്ഞേക്കും.

അതിനിടെ മുകേഷിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ. മുകേഷിന്‍റെ കൊല്ലം പട്ടത്താനത്തെ വീട്ടിലേക്ക് ഇന്നലെ മഹിളാ കോണ്‍ഗ്രസിന്‍റെയും യുവമോര്‍ച്ചയുടെയും നേതൃത്വത്തിൽ മാര്‍ച്ച് നടത്തി. വീടിന് സമീപത്തെ റോഡില്‍ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് പ്രവര്‍ത്തകരെ തടഞ്ഞു. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ ഉന്തും തള്ളുമുണ്ടായി. 

നടൻ മുകേഷ് ശാരീരികമായി ഉപദ്രവിച്ചുവെന്ന പരാതി നടി മീനു മുനീര്‍ ആണ് കഴിഞ്ഞ ദിവസം ഉന്നയിച്ചത്. കലണ്ടർ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഹോട്ടലിൽ വെച്ച് മുകേഷ് കടന്നുപിടിച്ചെന്നാണ് മീനുവിന്‍റെ ആരോപണം. എതിർത്തതിനാൽ അമ്മയിലെ തന്‍റെ അംഗത്വ അപേക്ഷ മുകേഷ് ഇടപെട്ട് തള്ളിയെന്നും മീനു ആരോപിച്ചു. 

മുകേഷിനെതിരെ നേരത്തെ കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫും ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരുന്നു. ടെസ് ജോസഫ് 2018ലാണ് മുകേഷിനെതിരെ ആദ്യമായി മീ ടു ആരോപണം ഉന്നയിച്ചത്. കോടീശ്വരന്‍ എന്ന ടെലിവിഷന്‍ പരിപാടിക്കിടെയുള്ള അനുഭവമാണ് ടെസ് തോമസ് വെളിപ്പെടുത്തിയത്. അന്ന് തനിക്ക് 20 വയസ്സായിരുന്നുവെന്നും പരിപാടിയുടെ സമയത്ത് നടന്‍ മുകേഷ് തന്നെ ഹോട്ടല്‍ റൂമിലെ ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തുമായിരുന്നുവെന്നും ടെസ് പറഞ്ഞു. നിയമം അധികാരമുള്ളവർക്ക് വേണ്ടിയാണെന്നും സ്ഥിതി മെച്ചപ്പെടുമെന്ന് എങ്ങനെ കരുതാനാകുമെന്നും ടെസ് ജോസഫ് കഴിഞ്ഞ ദിവസം പ്രതികരിച്ചു.  ഈ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് മുകേഷിനെതിരെ പ്രതിഷേധം. മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം. എന്നാൽ ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ് മുകേഷിന്‍റെ പ്രതികരണം.  


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K