04 September, 2024 06:51:35 PM


അഭിഭാഷകനോട് മോശമായി പെരുമാറിയ കേസ്: എസ്ഐക്ക് രണ്ടുമാസം തടവുശിക്ഷ



കൊച്ചി: ആലത്തൂർ പൊലീസ് സ്റ്റേഷനിൽ അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ എസ്‌ഐയെ ശിക്ഷിച്ച് ഹൈക്കോടതി. ആരോപണ വിധേയനായ എസ് ഐ റിനീഷിനെ രണ്ടു മാസത്തെ തടവിനാണ് ജസ്റ്റിസ് ദേവരാമചന്ദ്രൻ ശിക്ഷ വിധിച്ചത്. എസ് ഐ തൽക്കാലം ജയിലിൽ പോകേണ്ടി വരില്ല.

ഒരു വർഷത്തേക്ക് സമാന കുറ്റകൃത്യത്തിൽ ഏർപ്പെടരുതെന്ന് എസ് ഐയ്ക്ക് കോടതി നിർദ്ദേശം നൽകി. ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിധി. ഈ വർഷം ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം പാലക്കാട്ടെ ആലത്തൂർ സ്റ്റേഷനിലുണ്ടാകുന്നത്. അപകടത്തിൽപ്പെട്ട വാഹനം വിട്ടു കിട്ടണമെന്ന ആവശ്യവുമായിട്ടാണ് അക്വിബ് സുഹൈൽ എന്ന അഭിഭാഷകൻ സ്റ്റേഷനിലെത്തുന്നത്. സ്റ്റേഷനിൽ വെച്ച് അഭിഭാഷകനും എസ്ഐയും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് അഭിഭാഷകനെതിരെ പൊലീസ് കേസെടുത്തിരുന്നു.

അഭിഭാഷകനോട് എസ്‌ഐ റിനീഷ് അപമര്യാദയായി പെരുമാറുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തുടർന്നാണ് സംഭവത്തിൽ കോടതി ഇടപ്പെട്ടത്. ജനങ്ങളോട് മോശമായി പെരുമാറരുതെന്ന് വ്യക്തമാക്കി കോടതി നിർദേശപ്രകാരം പുറത്തിറക്കിയ മാർഗരേഖയ്ക്ക് വിരുദ്ധമാണ് പൊലീസ് ഉദ്യോഗസ്ഥന്റെ നടപടി എന്നു വ്യക്തമാക്കി ഇയാൾക്കെതിരെ കോടതിയലക്ഷ്യ കേസും എടുത്തിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K