09 September, 2024 07:57:24 PM
'മുഴുവൻ വിശ്വസനീയമല്ല'; രഞ്ജിത്തിനെതിരായ യുവാവിന്‍റെ പരാതിയിൽ സംശയം പ്രകടിപ്പിച്ച് കോടതി
തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിനെതിരായ യുവാവിന്റെ ലൈംഗികാതിക്രമ പരാതിയിൽ സംശയം പ്രകടിപ്പിച്ച് കോടതി. പരാതിക്കാരൻ പറഞ്ഞത് മുഴുവൻ വിശ്വസനീയമല്ല. 12 വർഷം പരാതി നൽകാതിരിക്കാൻ മതിയായ കാരണമില്ല. സംഭവം നടന്നുവെന്ന് പറയുന്ന ഹോട്ടൽ 2012ൽ പ്രവർത്തനം തുടങ്ങിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇടക്കാല ഉത്തരവ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ നിർണായക നിരീക്ഷണം.
താൻ ലൈംഗികാതിക്രമം നേരിട്ടുവെന്ന് യുവാവ് പറയുന്ന താജ് ഹോട്ടൽ പ്രവർത്തനമാരംഭിച്ചത് 2015ലാണ്. എന്നാൽ പരാതി പ്രകാരം 2012ലാണ് സംഭവം നടന്നിരിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. പരാതിയിലെ സുപ്രധാന വിവരം തന്നെ തെറ്റാണ്. 12 വർഷക്കാലം പരാതി നൽകാതിരിക്കാൻ യുവാവിന് വ്യക്തമായ കാരണം കോടതിയെ ബോധിപ്പിക്കാൻ സാധിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
മാങ്കാവ് സ്വദേശിയായ യുവാവ് നൽകിയ പരാതിയിൽ നേരത്തെ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് രഞ്ജിത്തിന് ഒരു മാസത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. കേസ് ബംഗളൂരു പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
'ബാവൂട്ടിയുടെ നാമത്തിൽ' എന്ന സിനിമയുടെ ലോക്കേഷനിൽ വെച്ചാണ് ദുരനുഭവമുണ്ടായതെന്നായിരുന്നു യുവാവിന്റെ ആരോപണം. ഹോട്ടലിലെത്തിയപ്പോൾ രഞ്ജിത് മദ്യം കുടിപ്പിച്ച് പീഡിപ്പിച്ചുവെന്ന് ഡിജിപിക്ക് നൽകിയ പരാതിയിൽ യുവാവ് ആരോപിച്ചിരുന്നു. പിന്നാലെ തന്നെ നഗ്നനാക്കി ചിത്രങ്ങൾ പകർത്തിയെന്നും ഇത് ഒരു പ്രമുഖ നടിക്ക് അയച്ചുവെന്നും പരാതിക്കാരൻ ആരോപിച്ചു.