12 September, 2024 12:55:37 PM
സ്പിരിറ്റ് കേസിലെ പ്രതിയെ വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി
പാലക്കാട്: സ്പിരിറ്റ് കേസിലെ പ്രതിയായ യുവാവ് വിഷം അകത്തുചെന്ന് മരിച്ചു. മുതലമട മൂച്ചങ്കുണ്ട് അണ്ണാനഗർ ചാലിപ്പറമ്പിൽ സബീഷ് ജേക്കബാണ് (സതീഷ് ജേക്കബ് - 41) മരിച്ചത്. തമിഴ്നാട്ടിലെ ചെമ്മണാമ്പതിയിൽ നിന്നും ബുധനാഴ്ച 4950 ലിറ്റർ സ്പിരിറ്റ് കണ്ടെത്തിയ കേസിലെ പ്രതിയാണ് സബീഷ് ജേക്കബ് . സബീഷ് നോക്കി നടത്തിയിരുന്ന എറണാകുളം സ്വദേശിയുടെ തെങ്ങിൻ തോട്ടത്തിൽ നിന്നാണ് കുഴിച്ചിട്ട നിലയിൽ 33 ലിറ്റർ വീതമുള്ള 150 കന്നാസുകളിലായി സ്പിരിറ്റ് കണ്ടെത്തിയത്.
സബീഷ് മുൻപും സ്പിരിറ്റ് കേസിൽ ഉൾപ്പെട്ടിട്ടുള്ള ആളാണ്. സബീഷിനെ എക്സൈസ് ചോദ്യം ചെയ്യാനിരിക്കെയാണ് മരിച്ചത്. ബുധനാഴ്ച രാത്രി തൊടുപുഴ സ്വദേശിയും മൂച്ചങ്കുണ്ടിൽ താമസിക്കുന്നയാളുമായ പരിചയക്കാരനെ വിളിച്ച് താൻ കേരളത്തിലെ ചെമ്മണാമ്പതിയിലെ തോട്ടത്തിലുണ്ടെന്നും അങ്ങോട്ട് വരണമെന്നും സുബീഷ് ആവശ്യപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പരിചയക്കാരൻ സബീഷിൻ്റെ അടുത്ത് എത്തിയപ്പോൾ അവശനിലയിലായിരുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്ക് മരിച്ചു. മൃതദേഹം ജില്ലാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.