21 September, 2024 09:31:38 AM


മൈനാഗപ്പള്ളി അപകടം; അജ്മലിനെതിരെ ശ്രീക്കുട്ടിയുടെ നിര്‍ണായക മൊഴി



കൊല്ലം: മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊല്ലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അജ്മലിനെതിരെ കാറിൽ ഒപ്പമുണ്ടായിരുന്ന രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിയുടെ നിർണായക മൊഴി. അജ്മൽ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചെന്നാണ് ഡോ.ശ്രീക്കുട്ടി മൊഴി നൽകിയിരിക്കുന്നത്. കാറിനടിയിൽ ആളുണ്ടെന്ന് അറിഞ്ഞിരുന്നില്ല. കാർ സ്കൂട്ടറിലിടിച്ച് നിലത്തേക്ക് വീണ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കാൻ ആവശ്യപ്പെട്ടില്ലെന്നാണ് ശ്രീക്കുട്ടി പറയുന്നത്. 13 പവന്‍ സ്വര്‍ണ്ണഭരണങ്ങളും 20000 രൂപയും അജ്മലിന് നല്‍കിയെന്നും അത് തിരികെ വാങ്ങാനാണ് അജ്മലിനൊപ്പം സൗഹൃദം തുടർന്നതെന്നും ശ്രീക്കുട്ടി പറയുന്നു.

എന്നാല്‍ ശ്രീക്കുട്ടി ആവശ്യപ്പെട്ട പ്രകാരമാണ് മദ്യം വാങ്ങി നല്‍കിയതെന്ന് അജ്മല്‍ പറഞ്ഞു. 'മനപ്പൂര്‍വ്വം ആയിരുന്നില്ല യുവതിയുടെ ദേഹത്തു കൂടി വാഹനം കയറ്റിയത്. വാഹനം നിര്‍ത്താന്‍ നാട്ടുകാര്‍ പറയുന്നത് കേട്ടു. പക്ഷേ എന്തായിരുന്നുവെന്ന് അറിയില്ല. എന്തിലൂടോ വാഹനം കയറി ഇറങ്ങിയതായി പിന്നീട് മനസിലായി,' അജ്മല്‍ മൊഴി നല്‍കി. വാഹനം മുന്നോട്ട് എടുത്തത് തന്റെ നിര്‍ദ്ദേശപ്രകാരമല്ലെന്നും അജ്മല്‍ പറഞ്ഞു. നിലവിൽ പ്രേരണാകുറ്റമാണ് ശ്രീക്കുട്ടിക്കെതിരെ ചുമത്തിയിരിക്കുന്നത്.   

എന്നാൽ അജ്മലും ശ്രീക്കുട്ടിയും രാസലഹരിക്കും മദ്യത്തിനും അടിമകളാണെന്നാണ് പൊലീസ് ഭാഷ്യം. അപകടം നടന്ന തലേദിവസം ഇരുവരും താമസിച്ച ഹോട്ടൽ മുറിയിൽ നിന്ന് എംഡിഎംഎ അടക്കം ഉപയോ​ഗിച്ചതിന് പൊലീസിന് തെളിവ് ലഭിച്ചു. 14 ന് ഹോട്ടലിൽ ഒരുമിച്ച് താമസിച്ച ഇവർ ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഹോട്ടല്‍ മുറിയിൽ നിന്ന് മദ്യക്കുപ്പികളും പൊലീസ് കണ്ടെടുത്തു. കരുനാഗപ്പള്ളിയിലെ ഹോട്ടലിലാണ് ഇരുവരും മുറിയെടുത്തത്. മുമ്പും ഇവർ ഇതേ ഹോട്ടലിൽ മൂന്ന് തവണ മുറിയെടുത്തിരുന്നു.  ഇവർക്ക് എവിടെ നിന്നാണ് ലഹരിമരുന്ന് കിട്ടുന്നതെന്ന് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. 

അപകടം നടന്ന സ്ഥലത്ത് തെളിവെടുപ്പിനെത്തിച്ച അജ്മലിനും ശ്രിക്കുട്ടിക്കുമെതിരെ ജനരോഷമുയർന്നു. അപകടം നടന്ന അനൂർകാവിൽ അജ്മലിനെയും ശ്രീക്കുട്ടിയെയും എത്തിച്ചെങ്കിലും നാട്ടുകാർ പ്രകോപിതരായതോടെ പുറത്തിറക്കാനായില്ല. ഒടുവിൽ ശ്രീക്കുട്ടിയെയും വാഹനത്തിന് പുറത്തിറക്കാതെ തെളിവെടുപ്പ് നടത്തി. പ്രതികൾക്ക് വാഹനം നൽകിയ സുഹൃത്തിൻ്റെ വീട്ടിലും തെളിവെടുപ്പ് നടന്നു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K