23 September, 2024 09:15:05 AM


എംഎം ലോറൻസിന് വിട; പൊതുദർശനത്തിന് ശേഷം മൃതദേഹം ഇന്ന് കളമശ്ശേരി മെഡിക്കൽ കോളജിന് കൈമാറും



കൊച്ചി:  സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹം ഇന്ന് കളമശ്ശേരി മെഡിക്കൽ കോളജിന് കൈമാറും. കൊച്ചിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ ഏഴര മുതൽ വീട്ടിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. ശേഷം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ ലെനിൻ സെന്റിൽ എത്തിക്കും. 

വൈകുന്നേരം നാല് മണി വരെ എറണാകുളം ടൗൺ ഹാളിലും പൊതുദർശനം ഉണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള മുതിർന്ന സിപിഎം നേതാക്കൾ എം.എം.ലോറൻസിന് അന്ത്യാഞ്ജലി അർപ്പിക്കാൻ കൊച്ചിയിലെത്തും. വൈകുന്നേരം നാലു മണിയോടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിന് കൈമാറും.

ശനിയാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചക്ക് 12 മണിയോടെ ആയിരുന്നു ലോറൻസിന്റെ അന്ത്യം. 2015 ല്‍ സിപിഎം ആലപ്പുഴ സംസ്ഥാന സമ്മേളനത്തോടെ പാര്‍ട്ടിയുടെ ഔദ്യോഗിക സമിതികളില്‍ നിന്നും ഒഴിവായി വിശ്രമ ജീവിതത്തിലായിരുന്ന എംഎം ലോറന്‍സ്. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കുറച്ചു നാളുകളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

1946 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായ എംഎം ലോറന്‍സിന്‍റേത് സമരോജ്ജ്വലമായ പൊതുജീവിതമായിരുന്നു. എറണാകുളം മേഖലയില്‍ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വളര്‍ത്തുന്നതിലും വലിയ പങ്കുവഹിച്ച നേതാവായിരുന്നു എം എം ലോറന്‍സ്. സിപിഎം മുൻ കേന്ദ്ര കമ്മിറ്റി അംഗവും മുൻ ഇടുക്കി എംപിയുമാണ്. സിഐടിയു സംസ്ഥാന സെക്രട്ടറി, സിഐടിയു ദേശീയ വൈസ് പ്രസിഡന്‍റ് തുടങ്ങിയ നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1998ലെ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അച്ചടക്ക നടപടിക്കും വിധേയനായിട്ടുണ്ട്. 2005 ൽ വീണ്ടും സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായി. ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തെ തുടര്‍ന്ന് ദീര്‍ഘകാലം ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. ഓര്‍മ്മച്ചെപ്പ് തുറക്കുമ്പോള്‍ എന്ന  എംഎം ലോറന്‍സിന്‍റെ ആത്മകഥ കഴിഞ്ഞ വര്‍ഷമാണ് പുറത്തിറങ്ങിയത്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 925