23 September, 2024 10:47:22 AM
ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; പിതാവിൻ്റെ രഹസ്യമൊഴി രേഖപ്പെടുത്തും
കൊല്ലം: കൊല്ലം ഓയൂരിൽ നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസുകാരിയുടെ പിതാവിന്‍റെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തും. കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് തുടരന്വേഷണത്തിന്‍റെ ഭാഗമായി മൊഴി എടുക്കുന്നത്. അന്വേഷണ സംഘത്തിന്‍റെ അപേക്ഷ പരിഗണിച്ചാണ് കോടതി നടപടി.
ഓയൂർ തട്ടിക്കൊണ്ടു പോകൽ കേസിലെ വിചാരണ തുടങ്ങാൻ ഇരിക്കെ ആയിരുന്നു തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയെ സമീപിച്ചത്. കോടതി അനുവദിച്ച സമയം അവസാനിക്കും മുൻപ് നടപടികൾ പൂർത്തിയാക്കണം. അതിൽ പ്രധാനം ആറു വയസ്സുകാരിയുടെ പിതാവിന്റെ മൊഴി രേഖപ്പെടുത്തുന്നതാണ്. തട്ടിക്കൊണ്ടുപോയ സംഘത്തിൽ നാല് പേരുണ്ടെന്ന സംശയം കുട്ടിയുടെ പിതാവ് ഉന്നയിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് തുടരന്വേഷണം നടത്തുന്നത്. കൊല്ലം റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം.എം ജോസിന്‍റെ അപേക്ഷയിലാണ് കോടതി രഹസ്യ മൊഴി എടുക്കുന്നത്.
കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് രഹസ്യ മൊഴിയെടുക്കാൻ കൊട്ടാരക്കര കോടതിയെ ചുമതലപ്പെടുത്തിയത്. തുടർ അന്വേഷണത്തിന്‍റെ ഭാഗമായി അന്വേഷണ സംഘം കുട്ടിയുടെ പിതാവിന്‍റെ മൊഴിയെടുത്തിരുന്നു. ഈ മൊഴിയും രഹസ്യമൊഴിയും തമ്മില്‍ വൈരുദ്ധ്യങ്ങളുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കും. നാലുപേരുണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്നു, തന്‍റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും ആണ് കുട്ടിയുടെ പിതാവ് കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ചിന് നല്‍കിയ മൊഴി. കേസിലെ രണ്ടാംപ്രതി അനിതകുമാരിക്കും മൂന്നാം പ്രതി അനുപമയ്ക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു.