23 September, 2024 03:53:42 PM


എം.എം.ലോറന്‍സിന്‍റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്



കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ മകൾ ആശ നല്‍കിയ ഹര്‍ജിയില്‍ വിധി വരുന്നത് വരെ മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ഹര്‍ജിയില്‍ അന്തിമ തീരുമാനം വരും വരെ ലോറന്‍സിന്‍റെ മൃതദേഹം പഠന ആവശ്യങ്ങൾക്ക് കൈമാറരുതെന്നും തത്ക്കാലം ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കാനുമാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ലോറൻസിന്റെ മൃതദേഹം നാല് മണിക്ക് തന്നെ മെഡിക്കൽ കോളേജിന് കൈമാറും.

ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് പഠന ആവശ്യങ്ങൾക്ക് കൈമാറരുതെന്നും മൃതദേഹം ആശുപത്രിക്ക് കൈമാറാൻ ലോറൻസ് പറഞ്ഞിരുന്നില്ലെന്നുമാണ് മകൾ ആശയുടെ ഹർജിയില്‍ പറയുന്നത്. അച്ഛന് അങ്ങനെയൊരു ആ​ഗ്രഹം ഉള്ളതായി തനിക്കറിയില്ല. അമ്മ ഉണ്ടായിരുന്നെങ്കിൽ ഇത് സമ്മതിക്കില്ലായിരുന്നു. അച്ഛനെ പള്ളിയിൽ അടക്കണമെന്നും ആശ ആവശ്യപ്പെട്ടു. എന്നാല്‍, മൃതദേഹം മെഡിക്കൽ കോളേജിന കൈമാറണമെന്നത് അച്ഛൻ്റെ ആ​ഗ്രഹമായിരുന്നുവെന്ന് എംഎം ലോറൻസിൻ്റെ മകൻ എംഎൽ സജീവൻ പ്രതികരിച്ചത്.  

ശനിയാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചക്ക് 12 മണിയോടെ ആയിരുന്നു ലോറൻസിന്റെ അന്ത്യം. 2015 ല്‍ സിപിഎം ആലപ്പുഴ സംസ്ഥാന സമ്മേളനത്തോടെ പാര്‍ട്ടിയുടെ ഔദ്യോഗിക സമിതികളില്‍ നിന്നും ഒഴിവായി വിശ്രമ ജീവിതത്തിലായിരുന്ന എംഎം ലോറന്‍സ്. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കുറച്ചു നാളുകളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K