25 September, 2024 08:55:05 PM


കുട്ടികള്‍ക്ക് പാഠഭാഗങ്ങള്‍ സമൂഹ മാധ്യമങ്ങൾ വഴി നല്‍കുന്നത് നിയന്ത്രിക്കാന്‍ നിര്‍ദേശം



തിരുവനന്തപുരം:  പഠനസംബന്ധമായ കാര്യങ്ങൾ വാട്സ് ആപ്പ് പോലുള്ള സമൂഹ മാധ്യമങ്ങൾ വഴി നൽകുന്നത് നിയന്ത്രിക്കണമെന്ന നിർദേശവുമായി ബാലാവകാശ കമ്മീഷൻ. ഹയർസെക്കന്‍ററി കുട്ടികള്‍ക്ക് നോട്‌സ് ഉൾപ്പടെയുള്ള പാഠഭാഗങ്ങൾ 
സമൂഹ മാധ്യമങ്ങൾ വഴി നൽകുന്നത് അമിതഭാരവും പ്രിൻ്റ്ഔട്ട് എടുത്ത് പഠിക്കുമ്പോഴുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടും സൃഷ്ടിക്കുന്നതായി കാട്ടി രക്ഷകർത്താക്കൾ ബാലാവകാശ കമ്മീഷനിൽ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണിത്.

ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽമാരും റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാരും ഈ നിർദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതാണെന്നാണ് ഉത്തരവ്.

കോവിഡ് കാലത്ത് ക്ലാസിൽ ഹാജരാകാൻ കഴിയാതിരുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് പഠനം മുടങ്ങാതിരിക്കുന്നതിനായി ഓൺലൈൻ പഠനരീതിയെ പ്രോത്സാഹിപ്പിച്ചിരുന്നു. എന്നാൽ നിലവിൽ നേരിട്ടുള്ള ക്ലാസുകൾ നടക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് അവരുടെ പഠനകാര്യങ്ങൾ ഓർത്തിരിക്കുന്നതിനും ശരിയായ രീതിയിൽ മനസ്സിലാക്കുന്നതിനും സംശയനിവാരണം വരുത്തുന്നതിനുമുള്ള സൗകര്യം ഇതിലൂടെ അദ്ധ്യാപകർ നഷ്ടപ്പെടുത്തുന്നു എന്നാണ് വിലയിരുത്തൽ.

നോട്സ് ഉൾപ്പെടെയുള്ള കാര്യങ്ങൾ വാട്‌സാപ്പ് പോലുള്ള സമൂഹമാധ്യമങ്ങളിലൂടെ ഷെയർ ചെയ്ത് പ്രിൻറ് എടുപ്പിക്കുന്നതും അതിലൂടെ നേരിട്ട് ക്ലാസിൽ ലഭിക്കേണ്ടതായ പഠനാനുഭവങ്ങൾ നഷ്ടമാക്കുന്നതും പൂർണമായും ഒഴിവാക്കേണ്ടതാണെന്നും ഇക്കാര്യത്തിൽ പ്രിൻസിപ്പൽമാർ കൃത്യമായ മോണിറ്ററിംഗ് നടത്തേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു. റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാർ സ്കൂളുകളിൽ ഇടവിട്ട് സന്ദർശനങ്ങൾ നടത്തി മോണിറ്ററിംഗ് ശക്തിപ്പെടുത്തണമെന്നും വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവരുടെ പ്രതികരണങ്ങൾ ആരായേണ്ടതാണെന്നും നിർദേശിച്ചിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 945