26 September, 2024 08:59:26 AM


എംഎം ലോറന്‍സിന്‍റെ മകളുടെ അഭിഭാഷകര്‍ക്കെതിരെ പൊലീസ് കേസെടുത്തു



കൊച്ചി: എംഎം ലോറന്‍സിന്റെ മകള്‍ ആശയുടെ അഭിഭാഷകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അഭിഭാഷകരായ ലക്ഷ്മി പ്രിയ, കൃഷ്ണരാജ് എന്നിവര്‍ക്കെതിരെയാണ് കേസ്. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ പരാതിയില്‍ കളമശേരി പൊലീസാണ് അഭിഭാഷകര്‍ക്കെതിരെ കേസെടുത്തത്. കൃത്യനിര്‍വഹണം തടസപ്പെടുത്തി, അതിക്രമിച്ചുകയറി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.

എംഎം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കാന്‍ ചേര്‍ന്ന ഉപദേശക സമിതി യോഗത്തിനിടെ അതിക്രമിച്ചുകയറിയെന്നാണ് പരാതി. ലോറന്‍സിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കണമെന്ന മകള്‍ ആശയുടെ ആവശ്യം സമിതി തള്ളിയിരുന്നു.

സ്വാധീനത്തിനു വഴങ്ങിയാണ് ഉപദേശക സമിതി തീരുമാനമെടുത്തതെന്നാണ് ആശയുടെ ആരോപണം. മൃതദേഹം വൈദ്യപഠനത്തിന് നല്‍കാനുള്ള ഉപദേശക സമിതി തീരുമാനത്തിനെതിരെ നിയമനട പടിക്ക് ഒരുങ്ങുകയാണ് ആശ.

ആശയ്ക്ക് പിന്നാലെ മറ്റൊരു മകള്‍ സുജാതയും ലോറന്‍സിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കണമെന്ന് കമ്മിറ്റിക്കു മുമ്പാകെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം രേഖാമൂലം എഴുതി നല്‍കാന്‍ സുജാത തയ്യാറായില്ല. അനാട്ടമി ആക്ട് അനുസരിച്ചാണ് മൃതദേഹം വൈദ്യപഠനത്തിനായി ഉപയോഗിക്കാമെന്ന് സമിതി അറിയിച്ചത്. വൈദ്യപഠനത്തിനായി മൃതദേഹം നല്‍കണമെന്ന് എംഎം ലോറന്‍സ് വാക്കാല്‍ നിര്‍ദേശിച്ചിരുന്നു. ഇതിന് വിശ്വാസയോഗ്യമായ സാക്ഷിമൊഴികളുണ്ടെന്നും സമിതി വിലയിരുത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K