27 September, 2024 12:23:55 PM


'സർക്കാരിനെ അപകീർത്തിപ്പെടുത്താനുളള ശ്രമം': അൻവറിനെ തള്ളി മുഖ്യമന്ത്രി



ന്യൂഡൽഹി പിവി അൻവർ എംഎൽഎ എൽഡിഎഫിനും സർക്കാരിനും എതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. പിവി അൻവർ എംൽഎ ഉന്നയിച്ച ആരോപണങ്ങൾ എൽഡിഎഫിനെയും സർക്കാരിനെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ കേരള ഹൌസിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സിപിഎം പിബി യോഗത്തിനായാണ് മുഖ്യമന്ത്രി ഡൽഹിയിൽ എത്തിയത്.

'പിവി അൻവർ ചില ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ നേരത്തെ തന്നെ എന്താണ് അതിന് പിന്നിലെന്ന് സംശയങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ആ സംശയത്തിലേക്കല്ല ആദ്യഘട്ടത്തിൽ പോയത്. ഒരു എംഎൽഎ എന്ന നിലയ്ക്ക് പിവി അൻവർ ഉന്നയിച്ച എല്ലാ ആരോപണങ്ങളും അന്വേഷിക്കുന്നതിനായി കേരളത്തിലെ എറ്റവും മികച്ച അന്വേഷണ സംവിധാനങ്ങൾ ഏർപ്പെടുത്തി അന്വേഷിക്കുന്നതിനാണ് നടപടികൾ സ്വികരിച്ചത്. എന്നാൽ അതിൽ അദ്ദേഹം തൃപ്തനല്ല എന്ന് നേരത്തെ പറഞ്ഞിട്ടുണ്ട്.

അദ്ദേഹം പാർട്ടിക്കും സർക്കാരിനും എൽഡിഎഫിനും എതിരെയുള്ള കാര്യങ്ങളാണ് ഇന്നലെ പറഞ്ഞത്. മാത്രമല്ല എൽഡിഎഫിന്റെ ശത്രുക്കൾ വ്യാപകമായി പ്രചരിപ്പിക്കാനുദ്ദേശിക്കുന്ന കാര്യങ്ങൾ അദ്ദേഹം ഇന്നലെ പറയുന്നത് നാം കേട്ടു. എൽഡിഎഫിൽ നിന്ന് വിട്ടു നിൽക്കുന്നതായും നിയമ സഭാ പാർട്ടിയിൽ പങ്കെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു കഴിഞ്ഞു. പിവി അൻവർ പറഞ്ഞ കാര്യങ്ങളെക്കുളിച്ച് വിശദമായി പറയേണ്ടതുണ്ട്. അത് പിന്നീട് വിശദീകരിക്കും. ഇപ്പോൾ പാർട്ടിക്കും സർക്കാരിനും എൽഡിഎഫിനും എതിരെ ഉന്നയിച്ച അൻവറിന്റെ എല്ലാ ആരോപണങ്ങളും തള്ളിക്കളയുന്നു. അത് പൂർണമായും എൽഡിഎഫിനെയും സർക്കാരിനെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി വന്ന ആരോപണങ്ങളായേ കണക്കാക്കാൻ കഴിയു. ഈ നലപാട് നേരത്തെ നിശ്ചയിച്ച അന്വേഷണ സംഘത്തിന്റെ പ്രവർത്തനത്തെ ഒരുതരത്തിലും ബാധിക്കില്ല. അത് നിക്ഷ്പക്ഷമായി തുടരും' മുഖ്യമന്ത്രി പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K