03 October, 2024 04:29:57 PM


വയനാട് ഉരുള്‍പൊട്ടല്‍: മാതാപിതാക്കള്‍ നഷ്ടമായ കുട്ടികള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം



തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ മാതാപിതാക്കള്‍ രണ്ടുപേരും നഷ്ടമായ കുട്ടികള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. മാതാപിതാക്കളില്‍ ഒരാള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് 5 ലക്ഷം രൂപ വീതം നല്‍കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മാതാപിതാക്കള്‍ രണ്ടുപേരും നഷ്ടപ്പെട്ട ആറു കുട്ടികളുണ്ട്. മാതാപിതാക്കളില്‍ ഒരാള്‍ നഷ്ടപ്പെട്ട എട്ടു പേരുമുണ്ട്. വനിതാ ശിശു വികസന വകുപ്പാണ് സഹായം കുടുംബങ്ങള്‍ക്ക് നല്‍കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് സ്ഥലം കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നു വരികയായിരുന്നു. അനുയോജ്യമെന്ന് കണ്ടെത്തിയ രണ്ടു സ്ഥലങ്ങളായ മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റ്, കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലെ എല്‍സ്റ്റോണ്‍ എസ്‌റ്റേറ്റ് എന്നിവിടങ്ങളില്‍ മോഡല്‍ ടൗണ്‍ഷിപ്പ് നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഈ സ്ഥലങ്ങള്‍ ഏറ്റെടു്കുന്നതിമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങളില്‍ എജിയുടെ അടക്കം നിയമോപദേശം തേടിയിരുന്നു. ഈ സ്ഥലം ദുരന്ത നിവാരണ നിയമം 2005 പ്രകാരം പൊസഷന്‍ ഏറ്റെടുക്കാന്‍ മന്ത്രിസഭ അനുമതി നല്‍കി.

ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളും പിന്നീട് അപകടത്തില്‍ പ്രതിശ്രുത വരനും നഷ്ടമായ ശ്രുതിക്ക് ജോലി നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബത്തിന് 7 ലക്ഷം രൂപ നല്‍കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. വയനാട് ഉരുള്‍പൊട്ടലില്‍ കേന്ദ്രസഹായം നല്‍കിയിട്ടില്ല. സഹായം നല്‍കാമെന്ന വാഗ്ദാനം ഉണ്ടായിരുന്നു എങ്കിലും പ്രത്യേക സഹായമൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. ഇക്കാര്യം മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തു. എത്രയും വേഗം അര്‍ഹമായ സഹായം ലഭ്യമാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K