06 October, 2024 06:36:05 PM


എഡിജിപിയുടെ കുടുംബ ക്ഷേത്രത്തില്‍ മോഷണം; പൂജാരി അറസ്റ്റില്‍



തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിന്റെ കുടുംബ ക്ഷേത്രമായ മണക്കാട് മുത്താരിയമ്മന്‍ കോവിലില്‍ നിന്ന് മൂന്നു പവന്‍ മോഷണം പോയ സംഭവത്തിൽ പൂജാരിയെ ഫോര്‍ട്ട് പൊലീസ് അറസ്റ്റു ചെയ്തു. പൂജാരി അരുൺ ആണ് അറസ്റ്റിലായത്. 3 പവന്റെ മാല, ഒരു ജോടി കമ്മൽ, ചന്ദ്രക്കല എന്നിവയാണ് മോഷണം പോയതെന്നാണ് പൊലീസ് നൽകുന്ന വിവരം. പൂന്തുറയിലെ ഒരു ക്ഷേത്രത്തിലെ വിഗ്രഹം മോഷണം പോയ കേസിൽ ഇയാളെ കസ്റ്റഡിയിൽ എടുത്തത് വിവാദമായിരുന്നു. പിന്നാലെ ഇയാളെ വിട്ടയച്ചിരുന്നു. 

പൂന്തുറ ദേവി ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണക്കേസിൽ ചോദ്യം ചെയ്യാനെന്ന് പറഞ്ഞ് പൂജാരിയെ കസ്റ്റഡിയിൽ  എടുത്തത് വിവാദമായിരുന്നു. തിരുവനന്തപുരം കുര്യാത്തിലെ മുത്തുമാരി അമ്മൻകോവിലിൽ നിന്ന് പോറ്റി അരുണിനെ പൂജയ്ക്കിടെ പൂന്തുറ പൊലീസ് കസ്റ്റഡിയിലെടുത്തതാണ് വിവാദമായത്. പൂന്തുറ ക്ഷേത്രത്തിലെ മുൻ പൂജാരിയായിരുന്നു അരുൺ. മോഷണക്കേസിൽ സ്റ്റേഷനിൽ ഹാജരായി വിവരങ്ങൾ നൽകാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അരുൺ എത്തുന്നതിനായി കാത്തുനിൽക്കാതെ കുര്യാത്തിലെ കോവിലിൽ നിന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

പരാതി ഉയർന്നതിന് പിന്നാലെ രാത്രിയോടെ അരുണിനെ തിരികെ കൊണ്ടുവിട്ടു. പൊലീസ് അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി അരുൺ പോറ്റിയും കോവിൽ ട്രസ്റ്റ് ഭാരവാഹികളും ഫോർട്ട് പൊലീസിൽ പരാതി നൽകിയിരുന്നു. ഫോർട്ട് എസിപിയെ നേരിൽ കണ്ടാണ് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അരുണിനെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തത്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K