09 October, 2024 08:42:10 AM
ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയിൽ; പി.വി. അന്‍വറിന് പുതിയ സീറ്റനുവദിച്ച് സ്പീക്കര്‍
തിരുവനന്തപുരം: പി വി അൻവർ എംഎൽഎയ്ക്ക് നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ അനുമതി. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയിൽ പുതിയ കസേര അനുവദിക്കുമെന്നാണ് സ്പീക്കർ അൻവറിനെ അറിയിച്ചു. അൻവറിന്റെ കത്ത് പരിഗണിച്ചാണ് സ്പീക്കറുടെ തീരുമാനം. അൻവറിന്റെ സീറ്റ് ഇനി പ്രത്യേക ബ്ലോക്കായി കണക്കാക്കുമെന്നും സ്പീക്കറുടെ ഓഫിസ് അറിയിച്ചു. നാലാം നിരയിലെ സീറ്റാണ് പ്രത്യേക ബ്ലോക്കായി കണക്കാക്കുക. പ്രതിപക്ഷത്ത് ഇരിക്കാൻ പറ്റില്ലെന്ന് അന്‍വര്‍ നേരത്തെ സ്പീക്കറെ അറിയിച്ചിരുന്നു. നിയമസഭയില്‍ സ്വതന്ത്ര ബ്ലോക്ക് തന്നെ വേണമെന്നും പ്രത്യേക സീറ്റ് അനുവദിച്ചില്ലെങ്കിൽ തറയിൽ ഇരിക്കുമെന്നും എംഎൽഎ വ്യക്തമാക്കി. തുടർന്നാണ് സ്പീക്കറുടെ അനുമതി. പ്രത്യേക ബ്ലോക്ക് അനുവദിക്കാത്തതിനാൽ അൻവർ ഇന്നലെ നിയമസഭയിൽ എത്തിയിരുന്നില്ല. സ്പീക്കറുടെ തീരുമാനം വന്നതോടെ ഇന്ന് മുതൽ അൻവർ നിയമസഭയിൽ എത്തിയേക്കും. സിപിഎമ്മിനും പിണറായി വിജയനുമെതിരെ രംഗത്തെത്തിയതിനു പിന്നാലെ ആദ്യമായാണ് അൻവർ നിയമസഭയിൽ എത്തുന്നത്.