09 October, 2024 11:51:43 AM
പൂരം കലക്കല്‍; അടിയന്തര പ്രമേയത്തിന് അനുമതി, രണ്ട് മണിക്കൂര്‍ ചര്‍ച്ച
തിരുവനന്തപുരം: തൃശൂര്‍ പൂരത്തിനിടെയുണ്ടായ പൊലീസ് ഇടപെടലില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം നിയമസഭ ചര്‍ച്ച ചെയ്യും. ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതല്‍ രണ്ടുമണിവരെയായിരിക്കും ചര്‍ച്ചയെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍ അറിയിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. തുടര്‍ച്ചയായ മൂന്നാം ദിവസവും അടിയന്തരപ്രമേയത്തിന് അനുമതി നല്‍കുന്നത് ഇതാദ്യമാണ്.
പൂരം കലക്കലുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടക്കുന്നുണ്ടെന്ന് നോട്ടീസിന് മറുപടി നല്‍കിയ മന്ത്രി എംബി രാജേഷ് അറിയിച്ചു. പ്രതിപക്ഷത്തിന്റെ ദുരുദ്ദേശ്യം തുറന്നുകാണിക്കാനാണ് ചര്‍ച്ച നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. രണ്ട് ദിവസങ്ങളിലായി അടിയന്തപ്രേമയത്തില്‍ ഉന്നയിച്ച കാര്യങ്ങള്‍ എന്താല്ലാമാണോ അത് തന്നെയാണ് പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവരുന്നത്. രാഷ്ട്രീയമായിട്ടുള്ള പുകമറ പൊതുമണ്ഡലത്തില്‍ നിലനിര്‍ത്തുകയെന്നതാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. മാധ്യമപിന്തുണയോടെ പുറത്തുനടത്തിക്കൊണ്ടിരിക്കുന്ന തെറ്റായ പ്രചാരണങ്ങളെ സഭയ്ക്കകത്ത് ഉയര്‍ത്തിക്കൊണ്ടുവരിക, അതിന് സഭയെ ദുരുപയോഗം ചെയ്യുകയാണ് ലക്ഷ്യമാക്കുന്നത്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടക്കുകയാണ്. സാധാരണഗതിയില്‍ പ്രഥമദൃഷ്ട്യാ തള്ളിക്കളയേണ്ട നോട്ടീസാണിത്. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയമായ ഗൂഡോദ്ദേശ്യം തുറന്നുകാണിക്കാനാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകുന്നതെന്ന് മന്ത്രി രാജേഷ് പറഞ്ഞു.
വിവാദങ്ങള്‍ക്കും എല്‍ഡിഎഫില്‍ നിന്നുള്ള പുറത്തുപോകലിനും പിന്നാലെ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ ഇന്ന് നിയമസഭയിലെത്തി. കയ്യില്‍ ചുവന്ന തോര്‍ത്തുമായാണ് അന്‍വര്‍ സഭയിലെത്തിയത്. കഴുത്തില്‍ ഡിഎംകെയുടെ ഷാളും അണിഞ്ഞിട്ടുണ്ട്. കെടി ജലീലിനൊപ്പം എത്തിയ അന്‍വര്‍ ഒന്നാം നില വരെ ജലീലിനൊപ്പം തുടര്‍ന്നു. പിന്നീട് അകത്തേക്ക് പ്രവേശിച്ച്, പുതിയതായി അനുവദിച്ച ഇരിപ്പിടത്തിലേക്ക് മാറി. പ്രതിപക്ഷത്തോട് ചേര്‍ന്ന് നാലാം നിരയില്‍, ലീഗ് എംഎല്‍എ എകെഎം അഷ്‌റഫിനോട് ചേര്‍ന്നാണ് അന്‍വറിന്റെ ഇരിപ്പിടം. അന്‍വര്‍ സഭയിലേക്ക് പ്രവേശിച്ചതിന് പിന്നാലെ മഞ്ഞളാംകുളി അലി എഴുന്നേറ്റ് നിന്ന് അദ്ദേഹത്തെ അഭിവാദ്യം ചെയ്തു. നജീബ് കാന്തപുരം, പി ഉബൈദുള്ള എന്നിവരും അന്‍വറിന് കൈകൊടുത്തു. അതേസമയം, മുഖ്യമന്ത്രി ഇന്ന് നിയമസഭയിലെത്തില്ല. പനി ആയതിനാല്‍ ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചുവെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച സംബന്ധിച്ച് ഇന്നലെ നടന്ന അടിയന്തരപ്രമേയ ചര്‍ച്ചയിലും മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല. രാവിലെ സഭയില്‍ എത്തിയ ശേഷം അദ്ദേഹം മടങ്ങുകയായിരുന്നു.