10 January, 2024 10:22:10 AM


അധ്യാപകന്‍റെ കൈ വെട്ടിയ കേസ്; ഒന്നാം പ്രതി 13 വർഷത്തിന് ശേഷം പിടിയില്‍



കണ്ണൂർ: തൊടുപുഴ ന്യൂമാൻ കോളെജ് അധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ. ജോസഫിന്‍റെ കൈ മത തീവ്രവാദികൾ വെട്ടി മാറ്റിയ കേസിലെ ഒന്നാം പ്രതി സവാദ് അറസ്റ്റിൽ. 13 വർഷത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടാൻ സാധിച്ചിരിക്കുന്നത്. കണ്ണൂരിൽ നിന്ന് എൻഐഎയാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരെ. അറസ്റ്റിന്‍റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ദുബായ്, നേപ്പാൾ, മലേഷ്യ എന്നിവിടങ്ങളിലും ഇയാൾക്കായി അന്വേഷണം നടത്തിയിരുന്നു. സിറിയയിലേക്കു കടന്നതായും സംശയമുണ്ടായിരുന്നു. കേസിൽ 37 പ്രതികളാണുണ്ടായിരുന്നത്. ഇതിൽ പിടികിട്ടാനുണ്ടായിരുന്ന ആറു പേരൊഴികെ 31 പേരുടെ വിചാരണ പൂർത്തിയാക്കി 18 പേരെ വെറുതേ വിട്ടിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ 13 പേരെയാണ് കോടതി 2015ൽ ശിക്ഷിച്ചത്. ഇതിൽ 10 പേർക്ക് എട്ടു വർഷം വീതവും മൂന്നു പേർക്ക് രണ്ടു വർഷം വീതവും തടവ് ശിക്ഷയാണ് ലഭിച്ചിരുന്നത്.

ടി.ജെ. ജോസഫ് തയാറാക്കിയ ചോദ്യ പേപ്പറിൽ മതനിന്ദയുണ്ടെന്നാരോപിച്ചാണ് തീവ്രവാദികൾ ആക്രമണം നടത്തിയത്. ഇതെത്തുടർന്ന് കോളെജ് അധികൃതർ അദ്ദേഹത്തിനെതിരേ നടപടിയെടുത്തിരുന്നെങ്കിലും പിന്നീട് പിൻവലിച്ചു. അദ്ദേഹത്തിനെതിരായ കേസുകൾ കോടതി റദ്ദാക്കുകയും ചെയ്തിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K