17 September, 2024 11:52:29 AM


നടിയെ ആക്രമിച്ച കേസ്; പൾസർ സുനിക്ക് ജാമ്യം



ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പു തള്ളിയാണ് സുപ്രീംകോടതി കേസിലെ ഒന്നാം പ്രതിയായ സുനില്‍കുമാറിന് ( പള്‍സര്‍ സുനി) ജാമ്യം നല്‍കിയത്. വിചാരണ കോടതി നടപടികളെ ജസ്റ്റിസ് അഭയ് എസ് ഓഖ അധ്യക്ഷനായ ബെഞ്ച് രൂക്ഷമായി വിമര്‍ശിച്ചു. ഏഴര വര്‍ഷമായി പള്‍സര്‍ സുനി ജയിലിലാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, വിചാരണ അടുത്തെങ്ങും തീരില്ലെന്ന് കരുതുന്നതായും നിരീക്ഷിച്ചു. ഇതെന്തുതരം വിചാരണയാണെന്നും കോടതി ചോദിച്ചു.

പള്‍സര്‍ സുനിയെ ഒരാഴ്ചയ്ക്കുള്ളില്‍ കോടതിയില്‍ ഹാജരാക്കണം. ജാമ്യവ്യവസ്ഥ എന്താണെന്ന് വിചാരണ കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. കര്‍ശന ജാമ്യവ്യവസ്ഥ വേണമെന്ന് സംസ്ഥാന സര്‍ക്കാരിന് വിചാരണ കോടതിയില്‍ ആവശ്യപ്പെടാമെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ ഏഴ് മാസങ്ങളിലായി 87 ദിവസം ദിലീപിന്റെ അഭിഭാഷകന്‍ വിസ്തരിച്ചതായി സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇതില്‍ വിചാരണ കോടതിയെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. എങ്ങനെയാണ് ഒരു അന്വേഷണ ഉദ്യോഗസ്ഥനെ, കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ അഭിഭാഷകന് ഇത്രയും കാലം വിചാരണ ചെയ്യാന്‍ വിചാരണ കോടതി അനുവദിച്ചതെന്ന് സുപ്രീംകോടതി ചോദിച്ചു.

അന്വേഷണ ഉദ്യോഗസ്ഥനെ ഇത്രയും നീണ്ട കാലയളവില്‍ വിസ്തരിച്ചപ്പോള്‍ പ്രോസിക്യൂഷനും എതിര്‍ത്തൊന്നും പറഞ്ഞില്ലെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. അപ്പോള്‍ സംസ്ഥാന സര്‍ക്കാരിനെയും പ്രോസിക്യൂഷനെയും സുപ്രീംകോടതി വിമര്‍ശിച്ചു. എന്തുകൊണ്ടാണ് ഇത്രയും നാള്‍ നീണ്ട വിസ്താരത്തെ എതിര്‍ക്കാതിരുന്നതെന്ന് കോടതി ചോദിച്ചു. വിചാരണ അനന്തമായി നീളുകയാണെന്നും, കേസിലെ മറ്റു പ്രതികളെല്ലാം ജാമ്യത്തിലാണെന്നും പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയത് അംഗീകരിച്ച സുപ്രീംകോടതി, സുനിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. 2017 ഫെബ്രുവരി 23 മുതല്‍ പള്‍സര്‍ സുനി റിമാന്‍ഡിലാണ്. നിലവില്‍ എറണാകുളം സബ് ജയിലിലാണ് സുനി. പലതവണ ജാമ്യം തേടി പള്‍സര്‍ സുനി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യാപേക്ഷ നിരസിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K