14 October, 2024 09:29:34 AM
തമിഴ്‌നാട് സ്വദേശി ട്രെയിനിൽനിന്ന് വീണുമരിച്ച സംഭവം; കരാർ ജീവനക്കാരൻ അറസ്റ്റിൽ
കോഴിക്കോട്: ട്രെയിനിൽനിന്ന് വീണ് യുവാവ് മരിച്ച സംഭവത്തിൽ റെയിൽവേ കരാർ ജീവനക്കാരനെ അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശി ടി എസ് അനിൽകുമാറാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തു. കൊച്ചുവേളിക്കുള്ള പൂജാ സ്പെഷ്യൽ ട്രെയിനിൽ നിന്ന് കഴിഞ്ഞദിവസമാണ് തമിഴ്നാട് കാഞ്ചീപുരം സ്വദേശി ശരവണ ഗോപി വീണ് മരിച്ചത്.
മാഹിയിൽ ബന്ധുക്കളെ കണ്ടതിനുശേഷം മംഗലാപുരം ചെന്നൈ മെയിലിൽ തിരികെ പോവുകയായിരുന്നു. ഇതിനിടെ കോഴിക്കോട് ഇറങ്ങിയപ്പോഴായിരുന്നു സംഭവം. ശരവണൻ എസി കമ്പാർട്‌മെന്റിൽ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെ പ്ലാറ്റ്‌ഫോമിനും കമ്പാർട്‌മെന്റിനുമിടയിൽ വീഴുകയായിരുന്നു.
സംഭവത്തിൽ റെയിൽവേ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. ശരവണ ഗോപി വാതിലിൽ ഇരുന്ന് യാത്ര ചെയ്യവെ തള്ളിയിടുകയായിരുന്നുവെന്ന സംശയത്തിൽ കഴിഞ്ഞ ദിവസം തന്നെ റെയിൽവേ കരാർ ജീവനക്കാരനെ കസ്റ്റഡിയിലെടുത്തിരുന്നു. യാത്രക്കാരിൽ ഒരാൾ സംശയം പ്രകടിപ്പിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.