16 October, 2024 03:07:19 PM


ഒറ്റയാളുടെ താല്‍പ്പര്യത്തിന് വഴങ്ങി പാര്‍ട്ടിയെ ബലി കൊടുക്കരുത്; തോല്‍ക്കുന്നത് രാഹുല്‍ഗാന്ധി- പി സരിന്‍



പാലക്കാട്: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ഒറ്റയാളുടെ താല്‍പ്പര്യത്തിന് വഴങ്ങി പാര്‍ട്ടിയെ ബലി കൊടുക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് ഡോ. പി സരിന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിക്കും കത്തയച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥിത്വം പുനഃപരിശോധിക്കണം, തിരുത്താന്‍ തയ്യാറാകണമെന്ന് സരിന്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ പാലക്കാട് തോല്‍ക്കുന്നത് രാഹുല്‍ മാങ്കൂട്ടത്തില്‍ അല്ല, രാഹുല്‍ ഗാന്ധിയാണ്. ഇന്ത്യയില്‍ സംഘപരിവാര്‍ വിദ്വേഷ രാഷ്ട്രീയത്തിന്റെ അടിവേരറുക്കാന്‍ ഇറങ്ങി പുറപ്പെട്ട മനുഷ്യനെ കേരളത്തിലെ കോണ്‍ഗ്രസ് തോല്‍പ്പിച്ചു കളയരുത്. പി സരിന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പാര്‍ട്ടി എന്നു പറയുന്നത് ചില ആളുകളുടെ താല്‍പ്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ വഴങ്ങിക്കൊടുത്ത്, തീരുമാനങ്ങളുടെ ബലാബലങ്ങളില്‍ ജയിച്ചു കയറിയാല്‍ പാര്‍ട്ടി വരുതിയിലായി എന്നു കരുതിയവരെ ആരും തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിച്ചേക്കുമെന്ന് ഉള്‍ഭയമുണ്ട്. 2026 ന്റെ സെമിഫൈനലാണ് പാലക്കാട് എന്നൊക്കെ പറയുന്നുണ്ട്. ഞാന്‍ പറയുന്ന ആള്‍, എന്റെ ആള്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന നിര്‍ബന്ധം ഈ പാര്‍ട്ടിയില്‍ വകവെച്ചുകിട്ടുമെന്ന് ഈ പാര്‍ട്ടിയിലെ മുന്‍കാല ബോധ്യങ്ങളില്‍ നിന്നും ചിലര്‍ക്ക് വന്നുവെങ്കില്‍ അതു വകവെച്ചു കൊടുക്കാന്‍ പോയാലുണ്ടാകുന്ന ഭവിഷ്യത്ത് വലുതായിരിക്കും.

ആ റിയാലിറ്റി മുന്നില്‍ നില്‍ക്കുമ്പോള്‍ കണ്ണടച്ച് ഇരുട്ടാക്കി ചില കാര്യങ്ങള്‍ നടത്തിയെടുക്കാമെന്ന് ചിലര്‍ വിചാരിക്കുമ്പോള്‍ ആരെങ്കിലും തിരുത്തിയില്ലെങ്കില്‍, 2024 നവംബര്‍ 23 ന് വരുന്ന റിസള്‍ട്ട് കയ്യില്‍ നില്‍ക്കില്ല. ഈ പാര്‍ട്ടിയില്‍ ഉള്ളില്‍ ചേര്‍ന്നിരിക്കുന്ന മൂല്യങ്ങളില്‍ ഇപ്പോഴും വിശ്വസിക്കുന്നുണ്ട് എന്നാണ് ഇന്നലെയും പറഞ്ഞത്. എന്നാല്‍ അങ്ങനെയല്ലെന്ന് മനസ്സിലായതുകൊണ്ടാണ് ഇപ്പോള്‍ മാധ്യമങ്ങളെ കണ്ടത്. അതു വൈകി മനസ്സിലായപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും രാഹുല്‍ഗാന്ധിക്കും വിശദമായ കത്തയച്ചിരുന്നു. 2019 ല്‍ ഇ ശ്രീധരന് വോട്ടു കിട്ടിയതെങ്ങനെ എന്ന് പഠിക്കേണ്ടേ?, അതിനു മറുതന്ത്രം മെനയേണ്ടേ എന്ന് കത്തില്‍ ചോദിച്ചിരുന്നു.

സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുമ്പോള്‍ പാലക്കാട്ടെ ഗ്രൗണ്ട് റിയാലിറ്റി മനസ്സിലാക്കിയിരിക്കണം. ഏതെങ്കിലും വ്യക്തിയുടെ താല്‍പ്പര്യത്തിന് വഴങ്ങിയാകരുത് തീരുമാനമെടുക്കേണ്ടത്. അല്ലാത്ത പക്ഷം പാലക്കാടും സംസ്ഥാനത്തും കനത്ത തിരിച്ചടി നേരിടും. പ്രാദേശിക തലത്തില്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തണമെന്നും കത്തില്‍ നിര്‍ദേശിച്ചിരുന്നു. പുറത്തു നിന്നവരെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ഈ പ്രദേശത്തെ പ്രവര്‍ത്തകര്‍ക്ക് മാനസികമായി ഉണ്ടാകുന്ന വിഷമവും വികാരവും മനസ്സിലാക്കണമെന്ന് കത്തില്‍ പറയുന്നതായി സരിന്‍ ചൂണ്ടിക്കാട്ടി. വെള്ളക്കടലാസില്‍ അച്ചടിച്ചു വന്നതുകൊണ്ട് മാത്രം സ്ഥാനാര്‍ത്ഥിത്വം പരിപൂര്‍ണമാകുന്നില്ല. കോണ്‍ഗ്രസിന്റെ ഒരു ഘടകത്തില്‍ നിന്നും ലെഫ്റ്റ് അടിച്ചു പോയിട്ടില്ല. പറയാനുള്ളത് പറഞ്ഞിട്ടേ പോകൂവെന്നും സരിന്‍ പറഞ്ഞു.

പാലക്കാട്ടെ കോൺ​ഗ്രസ് സ്ഥാനാര്‍ത്ഥിത്വം പുനഃപരിശോധിക്കണം, തിരുത്താന്‍ തയ്യാറാകണമെന്ന് സരിന്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ പാലക്കാട് തോല്‍ക്കുന്നത് രാഹുല്‍ മാങ്കൂട്ടത്തില്‍ അല്ല, രാഹുല്‍ ഗാന്ധിയാണ്. പാര്‍ട്ടി ഉന്നത നേതൃത്വം വീണ്ടും പുനഃപരിശോധന നടത്തിയശേഷം, പ്രവര്‍ത്തകരെ പൂര്‍ണമായും ബോധിപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ തീരുമാനമെടുത്താല്‍, അത് രാഹുല്‍ മാങ്കൂട്ടത്തില്‍ ആയാലും പാര്‍ട്ടി അവിടെത്തന്നെ പകുതി ജയിക്കും. പാര്‍ട്ടിക്ക് തെറ്റുപറ്റിയെങ്കില്‍ തിരുത്തണം. എല്ലാവരും കയ്യടിക്കുന്ന തീരുമാനം പാര്‍ട്ടിക്ക് എന്തുകൊണ്ട് ചെയ്യാന്‍ കഴിയുന്നില്ല?. ഒരു കൂട്ടം മാത്രം കയ്യടിച്ചാല്‍ പോര. ജയിലില്‍ കിടന്നാല്‍ ത്യാഗമാകില്ല. ഇന്‍സ്റ്റ റീലും സ്റ്റോറിയുമിട്ടാല്‍ ഹിറ്റാകുമെന്നാണ് ചിലരുടെ വിചാരമെന്നും സരിന്‍ പറഞ്ഞു.

പാര്‍ട്ടിക്ക് കെട്ടുറപ്പുണ്ടാകാന്‍ കേഡര്‍ ആകേണ്ടതില്ല, സുതാര്യതയുണ്ടാകണം. കൃത്യവും വ്യക്തവുമായ ധാരണകളുണ്ടാകണം. അതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയെ മുന്നില്‍ നിന്നു നയിക്കണം. അതിനു കഴിയുന്ന എത്രയോ നേതാക്കള്‍ കോണ്‍ഗ്രസിലുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടി തിരുത്തുമെന്നും ശരിയിലേക്ക് എത്തുമെന്നുമാണ് കാത്തിരിക്കുന്നതെന്നും സരിന്‍ പറഞ്ഞു. പാലക്കാട്ടെ സ്ഥാനാര്‍ത്ഥി ആരാണെന്ന് മാധ്യമങ്ങള്‍ പറഞ്ഞത്, ചിലര്‍ നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തിലാണ്. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് രാത്രി മാത്രമാണ്. ഇത്തരത്തിലൊരു രീതി സിപിഎമ്മിനോട് നടക്കുമോയെന്ന് സരിന്‍ ചോദിച്ചു. ജനങ്ങളെ വിശ്വാസത്തിലെടുക്കുന്ന സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന്റെ രീതിയിലേക്ക് പാര്‍ട്ടി വരണം. കുറ്റിച്ചൂലിനെ നിര്‍ത്തിയാലും സിപിഎം പ്രവര്‍ത്തകര്‍ ജയിപ്പിക്കും എന്നത് പോസിറ്റീവ് ആയി കാണണം. അത് അവരുടെ കഴിവാണ്, കെട്ടുറപ്പാണ്. സരിന്‍ പറഞ്ഞു.

നാടിന്റെ നല്ലതിനു വേണ്ടിയാണ് 33-ാം വയസ്സില്‍ സിവില്‍ സര്‍വീസ് അടക്കം രാജിവെച്ച് പൊതു പ്രവര്‍ത്തനരംഗത്തേക്കിറങ്ങിയത്. ചില ബോധ്യങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ ഇറങ്ങിത്തിരിച്ചത്. താന്‍ രാജിവെക്കുമ്പോള്‍ കോണ്‍ഗ്രസ് സംസ്ഥാനത്തും, ദേശീയതലത്തിലും അധികാരത്തിലില്ല. ചിലര്‍ വിചാരിച്ചത് എന്തോ മോഹിച്ചാണ് ഇറങ്ങിയതെന്നാണ് കുരുതിയത്. ചില കാര്യങ്ങള്‍ ചെയ്യാന്‍ പ്ലാറ്റ്‌ഫോം അന്വേഷിച്ചാണ് പൊതുരംഗത്തേക്കിറങ്ങിയത്. 2016 ല്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിനിറങ്ങിയ പ്രവര്‍ത്തകനാണ്. ശരിക്കു വേണ്ടി ഏതറ്റം വരെയും പോകും. പാലക്കാട് ചിലര്‍ മുന്‍കൂട്ടി തീരുമാനിച്ച സ്ഥാനാര്‍ത്ഥിയെയാണ് പ്രഖ്യാപിച്ചതെന്ന് സരിന്‍ ആവര്‍ത്തിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K