18 October, 2024 03:10:21 PM
കരിപ്പൂരിൽ വിവാഹവേദിയില്‍ വിദ്യാര്‍ഥികളെ മര്‍ദിച്ചതായി പരാതി
കൊണ്ടോട്ടി: വിവാഹം മുടക്കാനെത്തിയവരെന്ന് ആരോപിച്ച് സ്വകാര്യ ഓഡിറ്റോറിയത്തിലെ വിവാഹവേദിക്കടുത്ത് രണ്ട് വിദ്യാർത്ഥികളെ ആള്‍ക്കൂട്ടം മർദ്ദിച്ചതായി പരാതി. കരിപ്പൂര്‍ കുമ്മിണിപ്പറമ്പില്‍ ഞായറാഴ്ചയാണ് സംഭവം. പൂക്കോട്ടൂര്‍ പള്ളിമുക്ക് സ്വദേശികളായ 16, 17 പ്രായമുള്ളവർക്കാണ് മർദ്ദനമേറ്റത്. ഇരുവരും മഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സ തേടി.
വിവാഹവേദി അലങ്കരിക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം പോയ വിദ്യാർത്ഥികളെ വിവാഹം മുടക്കാനെത്തിയവരെന്നാരോപിച്ച് ഒരു സംഘം മർദ്ദിക്കുകയായിരുന്നെന്ന് രക്ഷിതാക്കള്‍ പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ക്രൂരമായി മർദ്ദിച്ച് അവശരാക്കുകയായിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു. പൊലീസ് കേസെടുത്തെങ്കിലും നീതിപൂര്‍വ അന്വേഷണം നടത്തുന്നില്ലെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. പ്രതികള്‍ക്ക് അനുകൂലമായ സമീപനമാണ് പൊലീസ് സ്വീകരിച്ചതെന്നും ദുര്‍ബല വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തതെന്നും അവർ ആരോപിച്ചു. ജില്ല പൊലീസ് മേധാവിക്കും കലക്ടര്‍ക്കും പരാതി നല്കി.
അതേസമയം, വിവാഹ ചടങ്ങിനിടെ രണ്ട് വിദ്യാർത്ഥികള്‍ സ്ത്രീകള്‍ വസ്ത്രം മാറുന്ന ഭാഗത്തെത്തി ചിത്രങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തുകയും വധുവിന്റെ സഹോദരിയോട് അപമര്യാദയായി പെരുമാറുകയും ചെയ്യുകയായിരുന്നെന്ന് വധുവിന്റെ രക്ഷിതാക്കൾ കരിപ്പൂര്‍ പൊലീസിലും സംസ്ഥാന പൊലീസ് മേധാവിയുള്പ്പെടെയുള്ളവര്ക്കും പരാതി നല്കി. സംഭവ ശേഷം വധുവിന്റെ സഹോദരിയും ആശുപത്രിയില്‍ ചികിത്സ തേടി. വിഷയത്തില്‍ ചൈല്‍ഡ് ലൈൻ ഇടപെട്ടിട്ടുണ്ട്.