10 January, 2024 04:09:58 PM


തിരൂരിൽ വസ്ത്രങ്ങൾക്ക് നിറം നൽകുന്ന റോഡമിന്‍ ബി ചേർത്ത ചോക്ക് മിഠായി പിടികൂടി



മലപ്പുറം: തുണിയിൽ മുക്കുന്ന നിറം ഉപയോഗിച്ച് ഉണ്ടാക്കിയ മിഠായി പിടികൂടി. തിരൂരിൽ ബി പി അങ്ങാടി നേർച്ച ആഘോഷ സ്ഥലത്ത് വിൽപ്പനയ്ക്കുവെച്ച, ആരോഗ്യത്തിന് ഹാനികരമായ നിറം ഉപയോഗിച്ചവയാണ് പിടികൂടിയത്. ഭക്ഷ്യ സുരക്ഷാ വകുപ്പ് ചോക്ക് മിഠായി നിർമ്മാണ കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി. 

തുണികളിൽ മുക്കുന്ന റോഡമിൻ ബി എന്ന നിറപ്പൊടിയാണ് പിടികൂടിയത്. തിരൂരിൽ ഇത്തരം മിഠായി വിൽപ്പന പിടികൂടിയശേഷമാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഇവയുടെ നിർമ്മാണ ശാലകളില്‍ പരിശോധന നടത്തിയത്. മലപ്പുറം ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്‍റ് കമ്മിഷണർ, തിരൂർ ഭക്ഷ്യസുരക്ഷാ ഓഫീസർ, പൊന്നാനി ഭക്ഷ്യസുരക്ഷാ ഓഫീസർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഈ സ്ഥാപനങ്ങൾക്ക് ഒരു ലക്ഷത്തോളം രൂപ പിഴ ചുമത്തി. 

സാമ്പിൾ കോഴിക്കോട് റീജണൽ അനലറ്റിക്കൽ ലാബിൽ പരിശോധനക്കയച്ചു. എന്നാൽ ആരും ഇതേവരെ ഈ നിറം ഉപയോഗിച്ച് മിഠായി നിർമ്മിക്കരുതെന്ന് ഒരു മുന്നറിയിപ്പും തന്നിട്ടില്ലെന്നാണ് മിഠായി നിർമ്മാതാക്കൾ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരോട് പറഞ്ഞത്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K