22 October, 2024 09:30:16 AM


കെഎസ്ആര്‍ടിസി ബസിൽ യാത്രക്കിടെ സ്വര്‍ണം കവർന്ന പ്രതികള്‍ പിടിയില്‍



മലപ്പുറം: കെഎസ്ആര്‍ടിസി ബസ് യാത്രക്കാരനില്‍ നിന്ന് ഒരു കോടി രൂപയോളം വില വരുന്ന സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍. മൂന്ന് പേരാണ് പൊലീസിന്റെ പിടിയിലായത്. എറണാകുളം പള്ളുരുത്തി സ്വദേശികളായ നെല്ലിക്കല്‍ ഹൗസില്‍ നൗഫല്‍(34), പാറപ്പുറത്ത് ഹൗസില്‍ നിസാര്‍(50), കോഴിക്കോട് കൊയിലാണ്ടി സ്വദേശി നാലേരി വീട്ടില്‍ ജയാനന്ദന്‍(61) എന്നിവരാണ് അറസ്റ്റിലായത്.

ബസ്സില്‍ കയറി സ്ഥിരം മോഷണം നടത്തുന്നവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. ബസില്‍ നിന്ന് കവര്‍ന്ന സ്വര്‍ണം പ്രതികളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച കോഴിക്കോട് നിന്നും നെടുങ്കണ്ടത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലായിരുന്നു കവര്‍ച്ച. തിരൂരിലുള്ള ജ്വല്ലറിയില്‍ മോഡല്‍ കാണിക്കുന്നതിനായി തൃശൂര്‍ സ്വദേശികളായ ജ്വല്ലറി ഉടമകള്‍ ജീവനക്കാരന്റെ കൈവശം കൊടുത്തുവിട്ട സ്വര്‍ണമാണ് മോഷണം പോയത്.

ജീവനക്കാരന്‍ പിന്നില്‍ തൂക്കിയിട്ടിരുന്ന ബാഗില്‍ നിന്ന് സിബ് തുറന്ന് സ്വര്‍ണം കവരുകയായിരുന്നു. ബസ് എടപ്പാളില്‍ എത്തിയപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ടത് ജീവനക്കാരന്‍ മനസിലാക്കിയത്. തുടര്‍ന്ന് ബസ് ജീവനക്കാരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ജ്വല്ലറി ഉടമകളും സ്റ്റേഷനിലെത്തി പരാതി നല്‍കി. ചങ്ങരംകുളം പൊലീസും കുറ്റിപ്പുറം പൊലീസും തിരൂര്‍ ഡിവൈഎസ്പിക്ക് കീഴിലെ പ്രത്യേക അന്വേഷണ സംഘവും ചേര്‍ന്നാണ് അന്വേഷണം നടത്തിയത്.

എടപ്പാളിലെ വ്യാപാര സ്ഥാപനങ്ങളിലെ സിസിടിവി പരിശോധിച്ചതില്‍ നിന്ന് പ്രതികളെ കുറിച്ച് സൂചന ലഭിച്ചിരുന്നു. എടപ്പാളിലെ ഒരു ലോട്ടറി ഏജന്‍സി ഉടമയില്‍ നിന്ന് നേരത്തെ പണം അപഹരിച്ച കേസിലെ പ്രതികള്‍ സിസിടിവിയില്‍ പതിഞ്ഞതോടെ ഇവരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് പ്രതികള്‍ കുടുങ്ങുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K