11 January, 2024 09:55:32 AM
മണിപ്പൂരിൽ വീണ്ടും ഏറ്റുമുട്ടൽ; ചുരാചന്ദ്‌പൂരിൽ 4 പേര്‍ കൊല്ലപ്പെട്ടു
ഇംഫാൽ: കലാപം തുടരുന്ന മണിപ്പൂരിൽ ഇന്നലെയും നാല് പേര്‍ കൊല്ലപ്പെട്ടതായി വിവരം. ചുരാചന്ദ്‌പൂരിലാണ് ഇന്നലെ സംഘര്‍ഷം നടന്നത്. ഇവിടെയാണ് നാല് പേര്‍ കൊല്ലപ്പെട്ടത്.
അതേസമയം സംസ്ഥാനത്ത് മുഖ്യമന്ത്രി ബിരേൻ സിങിനെതിരെ കുക്കികൾ രംഗത്ത് വന്നു. കുക്കികളുടെ പിന്നോക്ക വിഭാഗ പദവി പുനഃപരിശോധിക്കേണ്ടതാണെന്ന മുഖ്യമന്ത്രി ബീരേൻ സിങിന്റെ പ്രസ്താവനയാണ് കടുത്ത എതിര്‍പ്പിന് കാരണമായത്.
മുഖ്യമന്ത്രിയുടെ പ്രസ്താവന സംസ്ഥാനത്ത് സംഘര്‍ഷം വര്‍ധിപ്പിക്കുന്ന നീക്കമാണെന്ന് കുക്കി വിഭാഗം നേതാക്കൾ പറയുന്നു. കുക്കികളെ ലക്ഷ്യമിടാനാണ് സർക്കാർ നീക്കമെങ്കിൽ സാഹചര്യം മോശമാകുമെന്ന് ഇവർ മുന്നറിയിപ്പ് നൽകി.
കുക്കികളുടെ എസ് ടി പദവി പുനപരിശോധിക്കാൻ സമിതി സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മെയ്‌തെ വിഭാഗത്തിന് എസ്‌ടി പദവി നൽകണമെന്ന കോടതി ഉത്തരവാണ് സംസ്ഥാനത്ത് കലാപത്തിന് കാരണമായത്.
അതേസമയം ബിഷ്ണുപൂർ- ചുരാചന്ദ്പൂർ ജില്ലകൾക്കിടയിലുളള വനത്തിലേക്ക് വിറക് ശേഖരിക്കാൻ പോയ നാല് പേരെ കാണാതായതായും റിപ്പോർട്ടുണ്ട്. ദാരാ സിംഗ്, ഇബോംച സിംഗ്, റോമൻ സിംഗ്, ആനന്ദ് സിംഗ് എന്നിവരെയാണ് കാണാതായത്.