25 October, 2024 10:08:12 AM
വയോധികയെ കഴുത്തില്‍ ബെല്‍റ്റ് മുറുക്കി കൊലപ്പെടുത്തി: മകളും ചെറുമകളും അറസ്റ്റില്‍
തിരുവനന്തപുരം: തിരുവനന്തപുരത്തെ വീട്ടമ്മയുടേത് കൊലപാതകമെന്ന് തെളിഞ്ഞു. അഴൂര്‍ സ്വദേശിനി നിര്‍മലയുടെ മരണത്തിലാണ് നിര്‍ണായക കണ്ടെത്തല്‍. സംഭവത്തില്‍ മകളും ചെറുമകളും അറസ്റ്റിലായി. സ്വത്ത് തട്ടിയെടുക്കാനായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. നിര്‍മലയുടെ മകള്‍ ശിഖയും ചെറുമകള്‍ ഉത്തരയുമാണ് പൊലീസിന്റെ പിടിയിലായത്. ഈ മാസം 17നായിരുന്നു കൊലപാതകം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. നിര്‍മലയും മകളും തമ്മില്‍ നിരന്തരം വഴക്കുണ്ടാകാറുണ്ടെന്ന് പൊലീസ് പറഞ്ഞു.
മരിച്ച നിര്‍മലയ്ക്ക് ശിഖ ഉള്‍പ്പെടെ മൂന്നു മക്കളാണുള്ളത്. ഒരു മകള്‍ അമേരിക്കയിലും മറ്റൊരു മകള്‍ കവടിയാറിലുമാണ് താമസം. നിര്‍മലയ്ക്ക് ചിറയിന്‍കീഴ് സര്‍വീസ് സഹകരണ ബാങ്കിലുള്ള സ്ഥിരനിക്ഷേപത്തിന്റെ അവകാശിയായി മൂത്തമകള്‍ ശിഖയെ വയ്ക്കാത്തതിലും മറ്റു സമ്പാദ്യവും സ്വത്തുക്കളും കൊടുക്കാത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ 14-ന് നിര്‍മലയും മകളുമായി വഴക്കിട്ടിരുന്നു. തുടര്‍ന്ന് ബെല്‍റ്റ് ഉപയോഗിച്ച് ശിഖ നിര്‍മലയുടെ കഴുത്തില്‍ ചുറ്റിവരിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു.
നിര്‍മല മരിച്ചെന്ന് ഉറപ്പുവരുത്തിയ പ്രതികള്‍ ഈ വിവരം ആരോടും പറയാതെ ഒളിപ്പിച്ചു. തുടര്‍ന്ന് നിര്‍മലയുടെ പേരിലുള്ള സമ്പാദ്യം ശിഖയുടെ പേരിലാക്കാനുള്ള ശ്രമവും തുടങ്ങിയിരുന്നു. 17-നാണ് നിര്‍മലയ്ക്കു സുഖമില്ലായെന്ന് ബന്ധുക്കളെ അറിയിച്ചത്. അമ്മൂമ്മയ്ക്കു സുഖമില്ലാത്തതിനാല്‍ ഈ വിവരം അറിയിക്കാന്‍ വാര്‍ഡംഗത്തിന്റെ ഫോണ്‍ നമ്പര്‍ ചോദിച്ചെത്തിയ ചെറുമകളുടെ പെരുമാറ്റത്തില്‍ സംശയംതോന്നിയപ്പോഴാണ് അയല്‍വാസി വീടിനുള്ളില്‍ കയറി നോക്കിയത്.