28 October, 2024 06:22:05 PM


വർക്കലയില്‍ ആംബുലൻസ് ഡ്രൈവർക്ക് കുത്തേറ്റ സംഭവം; 4 പേർ അറസ്റ്റിൽ



തിരുവനന്തപുരം: വർക്കലയില്‍ ആംബുലൻസ് ഡ്രൈവർക്ക് കുത്തേറ്റ സംഭവത്തില്‍ നാല് പേരെ വർക്കല പൊലീസ് പിടികൂടി. പെരുംകുളം കീഴാറ്റിങ്ങല്‍ സ്വദേശി സബീല്‍ (24), കായിക്കര നിതിൻ (26), മണനാക്ക് സ്വദേശി ഷിനാസ് (26), മേലാറ്റിങ്ങല്‍ സ്വദേശി അമല്‍ അശോകൻ (26) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രി 10.30ഓടെ വർക്കല താലൂക്ക് ആശുപത്രി കാഷ്വാലിറ്റിയുടെ മുന്നിലായിരുന്നു സംഭവം.

ആംബുലൻസ് ഡ്രൈവർ ചെറുകുന്നം സ്വദേശി അജ്മലിനാണ് (25) കുത്തേറ്റത്. അജ്മലിന് ഒപ്പമുണ്ടായിരുന്ന ആംബുലൻസ് ഡ്രൈവർമാരായ ഉമേഷ്‌ (23), സജീർ (23) എന്നിവർക്ക് പരിക്കേറ്റു. കൈക്ക് മുറിവേറ്റ് ചികിത്സയ്ക്ക് എത്തിയ നാലംഗ സംഘം ഹോസ്‍പിറ്റല്‍ കാഷ്വാലിറ്റിയുടെ മുന്നില്‍ മൊബൈല്‍ നോക്കി ഇരിക്കുകയായിരുന്ന ആംബുലൻസ് ഡ്രൈവർമാരോട് ഇവർ അവിടെ നിന്ന് ഇറങ്ങിപോകാൻ ആവശ്യപ്പെട്ടു.

തുടർന്ന് ഇവർ തമ്മില്‍ വാക്ക് തർക്കം ഉണ്ടായി. തർക്കത്തിനൊടുവില്‍ സംഘം ഡ്രൈവർമാരെ ആക്രമിക്കുകയും സംഘത്തില്‍ ഉണ്ടായിരുന്ന സബീല്‍ കൈയില്‍ കരുതിയിരുന്ന കത്തികൊണ്ട് അജ്മലിന്റെ മുതുകില്‍ കുത്തുകയുമായിരുന്നു. ശേഷം ഇവർ ബൈക്കുകളില്‍ കയറി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 955