31 October, 2024 11:48:53 AM
തിരുവനന്തപുരത്ത് നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ പിടിയിൽ
കാരേറ്റ്: വാടകയ്‌ക്കെടുത്ത് നടത്തിയിരുന്ന ഗോഡൗണിൽ നിന്നും കണ്ടെത്തിയത് നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വൻ ശേഖരം. തിരുവനന്തപുരം ജില്ലയിലെ കാരേറ്റിൽ നിന്നും പിടിച്ചെടുത്തത് 40 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 1480 കിലോഗ്രാം നിരോധിത പുകയില ഉൽപ്പന്നങ്ങളാണ്. സംഭവത്തിൽ കാരേറ്റ് സ്വദേശിയായ ഷംനാദ് എന്നയാളെ എക്സൈസ് അറസ്റ്റ് ചെയ്തു.
ഷംനാദ് വാടകയ്‌ക്കെടുത്ത് നടത്തിയിരുന്ന ഗോഡൗണിൽ നിന്നുമാണ് നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വൻ ശേഖരം കണ്ടെത്തിയത്. തിരുവനന്തപുരം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ സുഭാഷിന്റെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷൈബു.പി.ഇ യുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്. ഗോഡൌണിൽ സംശയാസ്പദമായി കണ്ട ചാക്കുകെട്ടുകൾ കണ്ട് പരിശോധിച്ചപ്പോഴാണ് നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയത്.
പരിശോധനയിൽ ചിറയിൻകീഴ് എക്‌സൈസ് ഇൻസ്‌പെക്ടർ വി.എസ്.ദീപുകുട്ടനും പാർട്ടിയും ആറ്റിങ്ങൽ എക്‌സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്)മാരായ അശോക കുമാർ, ഉദയകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷജീർ, സജിത്ത്, മുഹമ്മദ് ഷെരീഫ്, സിറാജ്, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ അനിൽകുമാർ എന്നിവരും പങ്കെടുത്തു.