02 November, 2024 03:07:23 PM
'കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമെന്ന് ഭയമുണ്ട്'; സുരേഷ് ഗോപിയെ കായികമേളയ്ക്ക് ക്ഷണിക്കില്ലെന്ന് ശിവൻകുട്ടി
കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായിക മേളയിലേക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ക്ഷണിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമെന്ന് ഭയമുണ്ടെന്നും എന്തുംവിളിച്ചു പറയുന്ന ആളാണ് സുരേഷ് ഗോപിയെന്നും ആ പരിസരത്തേക്ക് അദ്ദേഹത്തെ വിളിക്കില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. ഒറ്റതന്തയ്ക്ക് പിറന്നവരെന്ന പ്രയോഗത്തില്‍ മാപ്പുപറഞ്ഞാല്‍ സുരേഷ് ഗോപിയ്ക്ക് വരാമെന്നും ശിവന്‍ കുട്ടി പറഞ്ഞു. കേരള സ്‌കൂള്‍ കായികമേളയുടെ പ്രധാനവേദിയായ മഹാരാജാസ് കോളേജ് ഗ്രൗണ്ട് സന്ദര്‍ശിച്ചതിന് പിന്നാലെയായിരുന്നു ശിവന്‍ കുട്ടിയുടെ പ്രതികരണം.
നവംബര്‍ നാലിനാണ് സ്‌കൂള്‍ കായിക മേളയ്ക്ക് കൊച്ചിയില്‍ തുടക്കമാകുക. രണ്ടായിരത്തോളം ഭിന്നശേഷി കുട്ടികള്‍ കായികമേളയുടെ ചരിത്രത്തില്‍ ആദ്യമായി മത്സരങ്ങള്‍ക്കൊപ്പം പങ്കുചേരുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 17 വേദികളിലായി 24000 ഓളം കുട്ടികള്‍ മത്സരിക്കും. കായികമേളയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മന്ത്രി പറഞ്ഞു.
ദേശീയ നിലവാരത്തില്‍ സംഘടിപ്പിക്കുന്ന ഉദ്ഘാടനദിവസം 3000 ഓളം കുട്ടികള്‍ പങ്കെടുക്കുന്ന കലാപരിപാടികള്‍ മഹാരാജാസ് കോളജ് മൈതാനിയില്‍ അരങ്ങേറും. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ മെഡല്‍ സമ്മാനിക്കും.