07 November, 2024 01:58:43 PM


കൊല്ലം കളക്ടറേറ്റ് സ്ഫോടന കേസ്; 3 പ്രതികൾക്കും ജീവപര്യന്തം തടവ്



കൊല്ലം: കൊല്ലം കളക്ടറേറ്റ് ബോംബ് സ്‌ഫോടനക്കേസില്‍ മുന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവ്. തമിഴ്‌നാട് മധുര സ്വദേശികളായ അബ്ബാസ് അലി, ഷംസൂണ്‍ കരീംരാജ, ദാവൂദ് സുലൈമാന്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.

ഗൂഢാലോചന, കൊലപാതകശ്രമം, പരിക്കേല്‍പ്പിക്കല്‍, നാശനഷ്ടം വരുത്തല്‍, എന്നിവയ്ക്ക് പുറമെ സ്‌ഫോടക വസ്തു നിയമവും യുഎപിഎ വകുപ്പുകള്‍ പ്രകാരവുമാണ് ശിക്ഷ. ഒന്ന് മുതല്‍ മൂന്ന് വരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസിലെ നാലാം പ്രതി ഷംസൂദ്ദീനെ കോടതി വെറുതെവിട്ടിരുന്നു. അഞ്ചാം പ്രതി മുഹമ്മദ് അയൂബിനെ മാപ്പ് സാക്ഷിയാക്കിയായിരുന്നു കേസ് വിസ്തരിച്ചത്.

സംഭവം നടന്ന് എട്ട് വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധിയുണ്ടായിരിക്കുന്നത്. 2016 ജൂണ്‍ 15ന് രാവിലെ 10.45ന് കളക്ടറേറ്റ് വളപ്പിലെ മുന്‍സിഫ് കോടതിയ്ക്ക് മുന്‍പില്‍ കിടന്ന ജീപ്പില്‍ നിരോധിത സംഘടനയായ ബേസ് മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ സ്ഫോടനം നടത്തിയെന്നാണ് കേസ്.

ഉപയോഗിക്കാതെ കിടന്ന ജീപ്പില്‍ ചോറ്റുപാത്രത്തിലായിരുന്നു ബോംബ് വെച്ചത്. സ്‌ഫോടനത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. സ്‌ഫോടനത്തില്‍ പേരയം പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് സാബുവിനാണ് പരിക്കേറ്റത്. സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് 15 ബാറ്ററികളും 17 ഫ്യൂസ് വയറുകളും ഒരു ബാഗും കണ്ടെത്തിയിരുന്നു. കളക്ടറേറ്റിലേക്ക് ആളുകള്‍ എത്തുന്ന തിരക്കേറിയ സമയത്തായിരുന്നു സ്‌ഫോടനം നടന്നത്. കേസില്‍ പ്രോസിക്യൂഷന്‍ 63 സാക്ഷികളെ വിസ്തരിച്ചു. 109 രേഖകളും 24 തൊണ്ടിമുതലുകളും ഹാജരാക്കിയിരുന്നു.

ഗുജറാത്തില്‍ പൊലീസ് ഏറ്റമുട്ടലില്‍ ഇസ്രത്ത് ജഹാന്‍ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായി ദക്ഷിണേന്ത്യയില്‍ മൂന്ന് സംസ്ഥാനങ്ങളിലായി അഞ്ച് സ്ഥലങ്ങളിലെ കോടതി വളപ്പുകളിലാണ് പ്രതികള്‍ സ്ഫോടനം നടത്തിയത്. ആന്ധ്രപ്രദേശിലെ ചിറ്റൂര്‍, നെല്ലൂര്‍, കര്‍ണാടകത്തിലെ മൈസൂരു എന്നിവിടങ്ങളിലെ കോടതിവളപ്പിലും ആ വര്‍ഷം സ്‌ഫോടനമുണ്ടായിരുന്നു. മൈസൂരു കോടതി വളപ്പിലെ സ്ഫോടന കേസിലെ അന്വേഷണമാണ് കൊല്ലം സ്ഫോടന കേസില്‍ സഹായകരമായത്. ഷംസൂണ്‍ കരിം രാജയാണ് എല്ലായിടത്തും ബോംബ് സ്ഥാപിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 940