13 November, 2024 08:50:25 AM
വയനാടും ചേലക്കരയും വിധിയെഴുതുന്നു; ബൂത്തുകളിൽ നീണ്ട നിര
ചേലക്കര/വയനാട് : വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും വോട്ടെടുപ്പ് ആരംഭിച്ചു. എല്ലാ ബൂത്തുകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. രാവിലെ 7 മുതൽ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ്. ചില ബൂത്തുകളിൽ തുടക്കത്തിൽ വോട്ടിങ് മെഷീനുമായി ബന്ധപ്പെട്ട് ചെറിയ സാങ്കേതിക തടസങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടെങ്കിലും പ്രശ്നം പരിഹരിച്ച് വോട്ടെടുപ്പ് സുഗമമായി മുന്നോട്ട് പോകുന്നു.
ചേലക്കരയിൽ ആകെ 2,13,103 വോട്ടർമാരാണ് ഉള്ളത്. 180 പോളിങ് ബൂത്തുകളിലും രാവിലെ തന്നെ തിരക്ക് അനുഭവപ്പെടുന്നുണ്ട്. വോട്ടെടുപ്പിച്ച് അരംഭിച്ചപ്പോൾ തന്നെ സ്ത്രീകളടക്കമുള്ളവരുടെ വലിയ ക്യൂ ആണ് പലയിടത്തുമുള്ളത്. 14,71,742 വോട്ടർമാരും 1354 പോളിങ് സ്റ്റേഷനുകളുമുള്ള വയനാട് ലോക്സഭാ മണ്ഡലത്തിലെ ബൂത്തുകളിൽ പോളിങ് മന്ദഗതിയിലാണ്. ഇരുമണ്ഡലത്തിലും വോട്ടെടുപ്പ് പൂർണമായും ക്യാമറ നിരീക്ഷണത്തിലാണ്. വോട്ടെടുപ്പിനോട് അനുബന്ധിച്ച് ചേലക്കരയിലും വയനാട്ടിലും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.
പാലക്കാട് നിയമസഭാ മണ്ഡലത്തിൽ 20നാണ് വോട്ടെടുപ്പ്. കൽപ്പാത്തി രഥോത്സവം പരിഗണിച്ചാണ് വോട്ടെടുപ്പ് മാറ്റിവച്ചത്. ജാർഖണ്ഡിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്നു. ഇന്ന് 43 മണ്ഡലങ്ങളിലാണ് പോളിങ്. അസം (5 മണ്ഡലങ്ങൾ), ബിഹാർ (4), ഛത്തീസ്ഗഡ് (1), ഗുജറാത്ത് (1), കർണാടക (3), മധ്യപ്രദേശ് (2), മേഘാലയ (1), രാജസ്ഥാൻ (7), സിക്കിം (2), ബംഗാൾ (6) എന്നീ സംസ്ഥാനങ്ങളിലും ഇന്ന് ഉപതിരഞ്ഞെടുപ്പുണ്ട്: