18 November, 2024 09:39:23 AM
പാലക്കാട് പരസ്യ പ്രചാരണത്തിന് ഇന്ന് സമാപനം; കൊട്ടിക്കലാശം ഗംഭീരമാക്കാന്‍ മുന്നണികള്‍
പാലക്കാട്: വീറും വാശിയും നിറഞ്ഞ പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വൈകീട്ട് ആറു മണിക്ക് കൊട്ടിക്കലാശത്തോടെയാണ് പ്രചാരണം സമാപിക്കുക. ഒന്നര മാസം നീണ്ട പരസ്യപ്രചാരണത്തിനു ശേഷം നടക്കുന്ന കലാശക്കൊട്ട് ഗംഭീരമാക്കാനുള്ള തയാറെടുപ്പിലാണ് മുന്നണികള്‍.
മൂന്ന് മുന്നണി സ്ഥാനാര്‍ത്ഥികളുടെയും റോഡ് ഷോ ഉച്ചയ്ക്ക് ആരംഭിക്കും. എല്ലാ പ്രകടനങ്ങളും പാലക്കാട് സ്റ്റേഡിയം പരിസരത്താണ് സമാപിക്കുക. ചേലക്കരയിലും വയനാട്ടിലും തിരഞ്ഞെടുപ്പു കഴിഞ്ഞതിനാല്‍ അവിടത്തെ സ്ഥാനാര്‍ഥികളും പ്രചാരണത്തിന് പാലക്കാട്ട് എത്തിയിട്ടുണ്ട്. മുന്നണികളുടെ ആവേശം അതിരുകടക്കാതിരിക്കാന്‍ പൊലീസും അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. എല്‍ഡിഎഫിനായി ഡോ. പി സരിനും യുഡിഎഫിനായി രാഹുല്‍ മാങ്കൂട്ടത്തിലും ബിജെപിയുടെ സി കൃഷ്ണകുമാറുമാണ് പാലക്കാട് ജനവിധി തേടുന്നത്. ബുധനാഴ്ചയാണ് വോട്ടെടുപ്പ്.
ഇടതുമുന്നണിക്കായി മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രചാരണം നയിക്കുന്നത്. പ്രതിപക്ഷ നേതാവും എം.എല്‍.എമാരും എം.പിമാരും ഉള്‍പ്പെടെ ആഴ്ചകളായി ക്യാമ്ബ് ചെയ്താണ് യു.ഡി.എഫിന്റെ പ്രചാരണം. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും കേന്ദ്ര നേതൃത്വവും നേരിട്ടിടപെട്ടാണ് എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ഏകോപിപ്പിക്കുന്നത്.
പാലക്കാട് നഗരസഭ, പിരായിരി, മാത്തൂർ മേഖലകള്‍ ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ 25 ശതമാനം ന്യൂനപക്ഷ വോട്ടുകളുണ്ട്. പി.എം.എ.വൈ പദ്ധതിവഴി 300ഓളം ന്യൂനപക്ഷ കുടുംബങ്ങള്‍ക്ക് വീടും അതിലേറെ കുടുംബങ്ങള്‍ക്ക് ഗ്യാസ് കണക്ഷനും സൗജന്യ കുടിവെള്ള കണക്ഷനുമുള്‍പ്പെടെ നല്‍കിയതും നേട്ടമാകുമെന്ന് എൻ.ഡി.എ കരുതുന്നു.
കോണ്‍ഗ്രസ് വിട്ട് ഇടതുകരയിലെത്തിയ ഡോ. പി. സരിൻ മണ്ഡലത്തിലെ പരമ്ബരാഗത കോണ്‍ഗ്രസ് വോട്ടുകളില്‍ വിള്ളലുണ്ടാക്കും. പിരായിരി പോലുള്ള മേഖലകളിലെ മതനിരപേക്ഷ വോട്ടുകളും അടർത്തുമെന്നും ഇടതുമുന്നണിയും പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ തവണ ഷാഫിക്ക് കിട്ടിയ നിഷേധ വോട്ടും ഇ. ശ്രീധരന് ലഭിച്ച നിഷ്പക്ഷ വോട്ടും ഇത്തവണ സരിന് ലഭിക്കുമെന്ന് ഇടതുമുന്നണി പ്രതീക്ഷിക്കുന്നു. ബി.ജെ.പിക്ക് ശക്തമായ സംഘടനാ സംവിധാനമുള്ളിടത്ത് സ്ഥാനാർത്ഥി നാട്ടുകാരനെന്ന ഇമേജിലാണ് പ്രതീക്ഷ.