21 November, 2024 06:09:55 PM


തന്‍റെ ഭാഗം കോടതി കേട്ടില്ല; അന്വേഷണം നടക്കട്ടെ- സജി ചെറിയാൻ



തിരുവനന്തപുരം: ഹൈക്കോടതി വിധിയിൽ മന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന് സജി ചെറിയാൻ. കോടതി തന്റെ ഭാഗം കേൾക്കാത്ത ഇടത്തോളം കാലം നിയമപരമായ തുടർനടപടികൾ സ്വീകരിക്കും.കോടതി അന്വേഷിക്കാൻ പറഞ്ഞ ഭാഗം അന്വേഷിക്കട്ടെ.ധാർമ്മികമായ കാര്യങ്ങൾ കൊണ്ടാണ് അന്ന് രാജി വെച്ചത്. കോടതി വിധിയുടെ അടിസ്ഥാനത്തിൽ തന്നെയാണ് വീണ്ടും മന്ത്രി ആയതെന്നും സജി ചെറിയാൻ വ്യക്തമാക്കി.

പുനരന്വേഷണം നടത്തണം എന്ന് കോടതി പറഞ്ഞു.അതിൻ്റെ കാരണവും കോടതി പറഞ്ഞു കാണുമല്ലോ. കോടതി തന്റെ ഭാഗം കൂടി കേൾക്കേണ്ടതായിരുന്നു. അത് കേൾക്കാത്ത ഇടത്തോളം കാലം നിയമപരമായ തുടർനടപടികൾ സ്വീകരിക്കും. ഇപ്പോൾ താൻ ഇതിലെ ഒരു കക്ഷിയായിട്ടില്ല. പൊലീസ് അന്വേഷണത്തിൽ കൊടുത്ത റിപ്പോർട്ടും അതിന്റെ ഭാഗമായി തിരുവല്ല കോടതി എടുത്തിട്ടുള്ള തീരുമാനവുമാണ് കോടതി പരിശോധിച്ചിരിക്കുന്നത്. സ്വാഭാവികമായും താനുമായി ബന്ധപ്പെട്ട പ്രശ്നമെന്നനിലയിൽ നീതിയുടെ ഭാഗം കൂടി കോടതി കേൾക്കേണ്ടതായിരുന്നു മന്ത്രി വ്യക്തമാക്കി.

പ്രസംഗത്തിന്റെ മറ്റ് ഉളളടക്കത്തിലേക്ക് കോടതി ഇതുവരെ വന്നിട്ടില്ല. മല്ലപ്പള്ളിയിലെ പ്രസംഗത്തിൽ ഒരു ഒരു കോടതി ശരിയെന്നും മറ്റൊരു കോടതി തെറ്റെന്നും പറഞ്ഞു.ഇനി അതിന് മുകളിലും കോടതി ഉണ്ട്. ഉത്തരവ് പഠിച്ച് പരിശോധിച്ച് നിയമനടപടിയുമായി മേൽക്കോടതിയിൽ പോകും. പ്രസംഗത്തിന്റെ വിഷയത്തിലേക്ക് വന്നാൽ മാത്രമാണ് താൻ കക്ഷിയാകുക. ഇപ്പോൾ അന്വേഷണത്തെ കുറിച്ചാണ് ചർച്ച വന്നിരിക്കുന്നത്. എൻ്റെ ഭാഗം കോടതി കേൾക്കത്തത്തിൽ തെറ്റില്ല. കോടതി പറഞ്ഞകാര്യങ്ങൾ അംഗീകരിക്കാതിരിക്കാൻ കഴിയില്ല. എനിക്ക് നിയമപരമായ നടപടി സ്വീകരിക്കാൻ അവകാശം ഉണ്ട്.

ഞാൻ കുറ്റക്കാരൻ ആണെന്ന് ഒരു കോടതിയും പറഞ്ഞില്ല. അന്തിമ വിധി അല്ലാലോ ഇത്.പുനരന്വേഷണം നടത്തണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. മന്ത്രിയായി പ്രവർത്തിച്ച് തന്റെ ജോലി ചെയ്യാനാണ് നിലവിലെ തീരുമാനം, മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 297