25 November, 2024 10:11:51 AM


അങ്കണവാടിയില്‍ വീണ് മൂന്നര വയസുകാരിക്ക് പരിക്കേറ്റ സംഭവം; ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍



തിരുവനന്തപുരം: അങ്കണവാടിയില്‍ വീണ് മൂന്നര വയസുകാരിക്ക് പരിക്കേറ്റ സംഭവത്തില്‍ ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍. മാറനല്ലൂര്‍ എട്ടാം വാര്‍ഡ് അങ്കണവാടി വര്‍ക്കര്‍ക്കും ഹെല്‍പ്പര്‍ക്കുമെതിരെയാണ് നടപടി സ്വീകരിച്ചത്. ഗുരുതരമായി പരിക്കേറ്റ തിരുവനന്തപുരം മാറനല്ലൂര്‍ സ്വദേശി രതീഷ് - സിന്ധു ദമ്പതികളുടെ മകള്‍ വൈഗ എസ്എടി ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലാണ്. കുട്ടി വീണ വിവരം അങ്കണവാടി ജീവനക്കാര്‍ വീട്ടുകാരില്‍ നിന്ന് മറച്ചുവെച്ചുവെന്ന് മാതാപിതാക്കള്‍ ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിലാണ് ജീവനക്കാര്‍ക്കെതിരെ നടപടി. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്.

വ്യാഴാഴ്ച ഉച്ചയ്ക്ക് മാറനല്ലൂര്‍ ഗ്രാമപഞ്ചായത്ത് അങ്കണവാടിയില്‍ വച്ചാണ് സംഭവം. വൈകീട്ട് വീട്ടിലെത്തിയിട്ടും വൈഗ കരച്ചില്‍ നിര്‍ത്തിയില്ല. കുട്ടി ചര്‍ദിച്ചപ്പോഴാണ് വീട്ടുകാര്‍ വിവരമറിയുന്നത്. മാതാപിതാക്കള്‍ നടത്തിയ പരിശോധനയില്‍ കുട്ടിയുടെ തലയില്‍ ചെറിയ മുഴ കണ്ടു. അങ്കണവാടിയില്‍ അന്വേഷിച്ചപ്പോള്‍ കുട്ടി വീണ വിവരം പറയാന്‍ മറന്നുപോയെന്നാണ് അധികൃതര്‍ പറഞ്ഞതെന്ന് പിതാവ് രതീഷ് പറയുന്നു. കുട്ടി കസേരയില്‍ നിന്നാണ് വീണത്. കുട്ടിക്ക് തലച്ചോറിലും സുഷുമ്നാ നാഡിക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. കുട്ടിയ്ക്ക് ആന്തരിക രക്തസ്രാവവും സംഭവിച്ചിട്ടുണ്ട്.

'കുട്ടിയെ അങ്കണവാടിയില്‍ നിന്ന് കൊണ്ടുവന്നു. ഉടന്‍ തന്നെ ഭക്ഷണം നല്‍കി. രണ്ടു പ്രാവശ്യം ഭക്ഷണം കഴിച്ചു. ഉടന്‍ തന്നെ ചര്‍ദിച്ചു. ഉറങ്ങണമെന്ന് പറഞ്ഞു. പാലു കൊടുത്ത് ഉറക്കാമെന്ന് കരുതി പാലു നല്‍കി. എന്നാല്‍ വീണ്ടും ചര്‍ദിക്കുകയും നിര്‍ത്താതെ കരയാനും തുടങ്ങി.മോനാണ് വീണ കാര്യം പറഞ്ഞത്. തല നോക്കിയപ്പോള്‍ മുഴച്ചിരിക്കുന്നത് കണ്ടു. സിടി എടുക്കാന്‍ വിട്ടു. അതിനിടെ ടീച്ചറെ വിളിച്ചു. പന്ത്രണ്ടരയോടെയാണ് കുഞ്ഞ് വീഴുന്നത്. ടീച്ചര്‍ പറയാന്‍ മറന്നുപോയി. അതാണ് ടീച്ചറില്‍ നിന്ന് വന്ന വീഴ്ച. മോന്‍ പറഞ്ഞത് അനുസരിച്ച് വൈകീട്ട് അഞ്ചുമണിയോടെയാണ് ടീച്ചറെ വിളിക്കുന്നത്. രാത്രി 9 മണിയോടെയാണ് ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചത്. വീഴ്ചയില്‍ തലച്ചോറില്‍ രക്തം കട്ട പിടിച്ചു. തലയുടെ പിന്നില്‍ മുഴ ഉണ്ട്'- രതീഷ് മാധ്യമങ്ങളോട് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 943