25 November, 2024 01:22:46 PM
'നിങ്ങള്‍ക്ക് കൃഷ്ണകുമാര്‍ മാത്രമേയുള്ളൂ എന്ന് ചോദിച്ചവരുണ്ട്'; പാലക്കാട് ബിജെപിയില്‍ പൊട്ടിത്തെറി
പാലക്കാട്: ഉപതിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പാലക്കാട് ബിജെപിയില്‍ പൊട്ടിത്തെറി. ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സി കൃഷ്ണകുമാറിനെയും ബിജെപി നേതൃത്വത്തിനെതിരെയും രൂക്ഷ വിമര്‍ശനവുമായി നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന്‍ രംഗത്തെത്തി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പാളിച്ച സംഭവിച്ചു. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നപോലെയാണ് ബിജെപി നേതൃത്വം ഇപ്പോള്‍ നഗരസഭയോട് പെരുമാറുന്നത്. മറ്റൊരു സ്ഥാനാര്‍ത്ഥിയായിരുന്നെങ്കില്‍ ഇത്ര വലിയ തോല്‍വി സംഭവിക്കില്ലായിരുന്നുവെന്നും പ്രമീള ശശിധരന്‍ പറഞ്ഞു.
'അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ നൂറ് ശതമാനം പാളിച്ച സംഭവിച്ചു. മറ്റൊരു സ്ഥാനാര്‍ത്ഥിയായിരുന്നെങ്കില്‍ ജയസാധ്യത കൂടിയേനെ. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് വോട്ട് ചോദിക്കാന്‍ പോയപ്പോള്‍ 'നിങ്ങള്‍ക്ക് കൃഷ്ണകുമാര്‍ മാത്രമേയുള്ളൂ? വേറെ ആരുമില്ലേ?' എന്ന ചോദ്യം നേരിട്ടിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ഘട്ടത്തില്‍ തന്നെ കൃഷ്ണകുമാറിന് വോട്ട് ചോദിക്കാന്‍ വിഷമം ഉണ്ടെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു. അഭിപ്രായം പറയാന്‍ മാത്രമല്ലേ അധികാരമുള്ളൂ. തീരുമാനം എടുക്കേണ്ടത് സംസ്ഥാന- കേന്ദ്ര നേതൃത്വങ്ങളല്ലേ?, പ്രമീള ശശിധരന്‍ പറഞ്ഞു.