27 November, 2024 12:42:39 PM
നവീന്‍ ബാബുവിന്‍റെ മരണം; കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം
കൊച്ചി: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്‍റെ ഹര്‍ജി വിശദമായ വാദത്തിനായി ഹൈക്കോടതി ഡിസംബര്‍ 6ന് പരിഗണിക്കും. ഹര്‍ജിയില്‍ സര്‍ക്കാരിനോടും സിബിഐയോടും ഹൈക്കോടതി നിലപാട് തേടി. പത്ത് ദിവസത്തിനകം നിലപാട് വ്യക്തമാക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ സത്യവാങ്മൂലം നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ആത്മഹത്യ സംബന്ധിച്ച കേസ് അല്ലേയെന്ന് ഹൈക്കോടതി ചോദിച്ചു. കൊലപാതകം എന്നാണോ പറയുന്നത്. അത് എന്തടിസ്ഥാനത്തിലാണെന്നും ഹൈക്കോടതി ചോദിച്ചു. ആത്മഹത്യയല്ല, കൊലപാതകമെന്ന് സംശയമുണ്ടെന്ന് നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷക അറിയിച്ചു.
കേസില്‍ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) എന്നത് പേരിന് മാത്രമാണെന്നും ഹർജിക്കാരി കോടതിയെ അറിയിച്ചു. പ്രതി സജീവ സിപിഐഎം പ്രവര്‍ത്തകയാണെന്നും രാഷ്ട്രീയ സ്വാധീനമുള്ളയാളാണെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു. എന്നാല്‍ പ്രതി എങ്ങനെയാണ് അന്വേഷണത്തെ സ്വാധീനിച്ചതെന്നായിരുന്നു കോടതിയുടെ ചോദ്യം. ഇതിനെ തുടർന്നാണ് കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.
സിബിഐ അന്വേഷണം അല്ലെങ്കില്‍ ക്രൈംബ്രാഞ്ച് അന്വേഷണം എങ്കിലും വേണമെന്നാണ് ഹര്‍ജിക്കാരിയുടെ ആവശ്യം. ഹര്‍ജിയില്‍ പ്രാഥമിക വാദം മാത്രമാണ് ഇന്ന് ഹൈക്കോടതി കേട്ടത്. നവീന്‍ ബാബുവിന്റേത് ആത്മഹത്യയല്ല കൊലപാതകം ആണെന്ന് സംശയിക്കുന്നതായി ഭാര്യ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടികാട്ടിയിരുന്നു.